Connect with us

National

പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ കാണാതായ പണ്ഡിതര്‍ തിരിച്ചെത്തി

Published

|

Last Updated

പാക്കിസ്ഥാനില്‍ കാണാതായ ഹസ്‌റത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പണ്ഡിതര്‍ ഡല്‍ഹി
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ദര്‍ഗ സന്ദര്‍ശനം നടത്തുന്നതിനിടെ കാണാതായ മുസ്‌ലിം പണ്ഡിതര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഡല്‍ഹിയിലെ പ്രസിദ്ധമായ നിസാമുദ്ദീന്‍ ദര്‍ഗ ഭാരവാഹികളായ സയിദ് ആസിഫ് നിസാമി (82), അന്തരവന്‍ നസിം അലി നിസാമി (66) എന്നിവരാണ് ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇരുവരും സുരക്ഷിതരായി ഡല്‍ഹിയില്‍ തിരിച്ചെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ഇരുവരെയും സന്ദര്‍ശിച്ചതായും അവര്‍ ട്വീറ്റ് ചെയ്തു.

ഈ മാസം പതിനാലിന് ഡല്‍ഹിയിലെ വിശുദ്ധമായ സൂഫി ദര്‍ഗ സന്ദര്‍ശനത്തിന് ശേഷം കറാച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ കാണാതാകുന്നത്. ഈ മാസം എട്ടിനായിരുന്നു ഇരുവരും പാക് സ്വദേശികളായ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും സുഫീ ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനുമായി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. അല്‍ത്താഫ് ഹുസൈന്‍ നേതൃത്വം നല്‍കുന്ന മുത്തഹിദ ഖൗമി മൂവ്‌മെന്റുമായി (എം ക്യു എം) ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് പാക് രഹസ്യാന്വേഷണ വിഭാഗം കറാച്ചി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു.

കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷഹീന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ലഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരുന്നതിനിടെ സുരക്ഷാ പരിശോധനയില്‍ യാത്രാരേഖകളില്‍ ചില വ്യക്തത വരുത്താനുണ്ടെന്ന് കാണിച്ചാണ് നസീം നിസാമിയെ തടഞ്ഞുവെച്ചത്. സയ്യിദ് ആസിഫ് നിസാമിക്ക് യാത്രാരേഖകളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നുമാണ് വിമാനത്താവള സുരക്ഷാ വിഭാഗം അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇരുവരെയും പാക് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയാണുണ്ടായത്. ഒരു പാക് പത്രം തെറ്റായ വാര്‍ത്തയും ചിത്രങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ അറസ്റ്റിലായതെന്ന് നസിം നിസാമി ഡല്‍ഹിയില്‍ പറഞ്ഞു.

Latest