Connect with us

Sports

സൂപ്പര്‍ ഫെഡറര്‍

Published

|

Last Updated

കാലിഫോര്‍ണിയ: നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെ കീഴടക്കി ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടം ചൂടി. ലോക മൂന്നാം നമ്പര്‍ താരമായ വാവ്‌റിങ്കയെ കലാശപ്പോരില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 7-5. കരിയറിലെ 25ാം മാസ്റ്റേഴ്‌സ് കിരീടവും കാലിഫോര്‍ണിയന്‍ മണ്ണിലെ അഞ്ചാം കിരീടവുമാണ് 35 കാരനായ ഫെഡറര്‍ സ്വന്തമാക്കിയത്.

ഹഇതോടെ ഏറ്റവും പ്രായം കൂടിയ മാസ്റ്റേഴ്‌സ് ചാമ്പ്യനെന്ന റെക്കോര്‍ഡും ഫെഡറര്‍ സ്വന്തം പേരിലാക്കി. മുപ്പത്തിനാലാം വയസ്സില്‍ കിരീടം നേടിയ ആന്ദ്രെ അഗാസിയുടെ റെക്കോര്‍ഡാണ് ഫെഡറര്‍ തിരുത്തിയത്. 2004ല്‍ സിന്‍സിനാറ്റിയില്‍ കിരീടം നേടിയാണ് അഗാസി ഈ റെക്കോര്‍ഡിന് ഉടമയായത്. സീസണില്‍ ഫെഡറര്‍ നേടുന്ന രണ്ടാം കിരീടം കൂടിയാണിത്. നേരത്തെ റാഫേല്‍ നദാലിനെ കീഴടക്കി ആസ്‌ത്രേലിയന്‍ ഓപണിലും ഫെഡറര്‍ മുത്തമിട്ടിരുന്നു. തിരിച്ചുവരവ് ആഘോഷിക്കുന്ന ഇതിഹാസ താരത്തിന്റെ കരിയര്‍ കിരീടങ്ങള്‍ 90ല്‍ എത്തി. 94 കിരീടങ്ങള്‍ നേടിയ ഇവാന്‍ ലെന്‍ഡിലും 104 കിരീടങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സുമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. സെമി ഫൈനലില്‍ അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത്. ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നദാലിനെ വീഴ്ത്തിയായിരുന്നു ഫെഡററുടെ കുതിപ്പ്.

ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെ എതിരാളികള്‍ക്ക് ഒരു സര്‍വീസ് ബ്രേക്ക് പോലും നല്‍കാതെയാണ് ഫെഡറര്‍ മത്സരത്തിനിറങ്ങിയത്. ഒന്നാം സെറ്റില്‍ പത്താം ഗെയിം ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് സ്വന്തമാക്കിയ ഫെഡറര്‍ക്ക് രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ മികവ് നിലനിര്‍ത്താനായില്ല. തിരിച്ചുവരവ് നടത്തിയ വാവ്‌റിങ്ക 2-0ത്തിന് ലീഡ് സ്വന്തമാക്കി. എന്നാല്‍ പിന്നീടുള്ള മൂന്ന് ഗെയിമുകള്‍ സ്വന്തമാക്കിയ ഫെഡറര്‍ 7-5ന് സ്‌കോറിന് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.