Connect with us

Sports

വിജയ് ഹസാരെ ട്രോഫി: തമിഴ്‌നാട് ചാമ്പ്യന്മാര്‍

Published

|

Last Updated

ഡല്‍ഹി: ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ബംഗാളിനെ കീഴടക്കി തമിഴ്‌നാട് വിജയ് ഹസാരെ ക്രിക്കറ്റില്‍ കിരീടം നേടി. 37 റണ്‍സിനായിരുന്നു തമിഴ്‌നാടിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 217 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിന്റെ പോരാട്ടം 180 റണ്‍സിലൊതുക്കി.

ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചെറുത്തുനിന്ന ദിനേശ് കാര്‍ത്തിക്കാണ് സെഞ്ച്വറിയിലൂടെ തമിഴ്‌നാടിന്റെ രക്ഷകനായത്. 120 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെ 112 റണ്‍സെടുത്ത കാര്‍ത്തിക്ക് പത്താമനായാണ് പുറത്തായത്. മുഹമ്മദ് ഷാമിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റായായിരുന്നു കാര്‍ത്തിക്കിന്റെ മടക്കം. ബാബ ഇന്ദ്രജിത്ത് (32), വാഷിംഗ്ടണ്‍ സുന്ദര്‍ (22), കൗശിക് ഗാന്ധി (15) റണ്‍സെടുത്തു. ബംഗാളിനായി മുഹമ്മദ് ഷാമി നാലും അശോക് ദിന്‍ഡ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. മധ്യനിര ബാറ്റ്‌സ്മാന്മാരായ സുദിപ് ചൗധരി (58), മനോജ് തിവാരി (32), അനുഷ്ടുപ്പ് മജുംദാര്‍ (24), ആമിര്‍ ഗനി (24) എന്നിവരിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത ബൗളര്‍മാര്‍ തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ ക്രൈസ്റ്റ്, എം മുഹമ്മദ്, റാഹില്‍ ഷാ എന്നിവര്‍ തമിഴ്‌നാടിനായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തു. ദിനേശ് കാര്‍ത്തിക്കാണ് കളിയിലെ കേമന്‍.