ജി എസ് ടിയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി

Posted on: March 20, 2017 10:42 pm | Last updated: March 21, 2017 at 11:37 am

ന്യൂഡല്‍ഹി: ജി എസ് ടിയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജി എസ് ടിയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയത്. ബില്ല് ഈ ആഴചയില്‍ തന്നെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റലി സഭയില്‍ അവതരിപ്പിക്കും. നേരത്തെ ജി എസ് ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങളുമായി തിരുമാനത്തിലെത്തിയ നഷ്ടപരിഹാര ജി എസ് ടി, കേന്ദ്ര ജി എസ് ടി, സംസ്ഥാന ജി എസ് ടി , അന്തര്‍ സംസ്ഥാന ജി എസ് ടി എന്നീ ബില്ലുകള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയത്. ജി എസ് ടി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടി മാത്രമാണ് ഇന്നലെ മന്ത്രിസഭ വിളിച്ചു ചേര്‍ത്തിരുന്നത്. ബില്ലുകള്‍ പണ ബില്ലായി ഈ ആഴ്ച തന്നെ പാര്‍ലിമെന്റില്‍ കൊണ്ടുവരുമെന്നാണ് ധനകാര്യമന്ത്രാലയലവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ നാല് നിയമങ്ങളും പാര്‍ലിമെന്റില്‍ ചര്‍ച്ചക്കുവെക്കുമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.നേരത്തെ പാര്‍ലിമെന്റ് ഈ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ അംഗങ്ങളായ ജി എസ് ടി കൗണ്‍സില്‍ ബില്ലില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബില്ല് വീണ്ടും പാര്‍ലിമെന്റിന്റെ മേശപ്പുറത്തെത്തുന്നത്. കഴിഞ്ഞ രണ്ട് യോഗങ്ങളിലായി ജി എസ് ടി കൗണ്‍സില്‍ ഈ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

അടുത്ത ജൂലൈ മുതല്‍ രാജ്യത്ത് ജി എസ് ടി നിയമം പ്രാവര്‍ത്തിക്കമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലിമെന്റില്‍ ബില്ല് പാസ്സാക്കുന്നതിന് പിന്നാലെ ഓരോ സംസ്ഥാനങ്ങളിലെ നിയമ സഭകളും ജി എസ് ടിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസ്സാക്കേണ്ടതുണ്ട്. സംസ്ഥാന ജി എസ് ടിയുമായി ബന്ധപ്പെട്ട ബില്ലുകളാണ് സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയേടുണ്ടത്. രാജ്യത്ത് ഏകീക്രതമായ നികുതി സംവിധാനം നടപ്പാക്കുകയെന്നതാണ് ജി എസ് ടി നിയമം ലക്ഷ്യമിടുന്നത്. ഇതുമായി സംസ്ഥാനങ്ങള്‍ക്ക് നികുതിയിനത്തില്‍ വരുന്ന നഷ്ടങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് തീരുമാനത്തിലെത്തിയിരുന്നു. നാല് തലത്തിലുള്ള നികുതി ഘടനയാണ് ജി എസ് ടി കൗണ്‍സില്‍ നേരത്തെഅംഗീകാരം നല്‍കിയിരുന്നത്.