ജിപിഎഫ്: പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി

Posted on: March 20, 2017 9:38 pm | Last updated: March 20, 2017 at 9:38 pm

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള പ്രോവിഡന്റ് ഫണ്ടായ ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിപുള്ള വ്യവസ്ഥകള്‍ ലളിതമാക്കി. വിവിധ ആവശ്യങ്ങള്‍ക്കായി ജിപിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി ലളിതമായ നടപടിക്രമങ്ങള്‍ മാത്രം മതിയാകും. തൊഴിലാളി അപേക്ഷ നല്‍കി പരമാവധി 15 ദിവസത്തിനുള്ളില്‍ തന്നെ പണം ലഭ്യമാക്കും. രോഗം പോലെയുള്ള അടിയന്തര ഘട്ടങ്ങളില്‍ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

വിവിധ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്ന തുകയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. വീട് നിര്‍മാണത്തിന് 90 ശതമാനവും കാര്‍ വാങ്ങുന്നതിന് നിക്ഷേപത്തിന്റെ നാലിലൊന്ന് തുകയും പിന്‍വലിക്കാം. ജിപിഎഫില്‍ നിന്ന് വിദ്യഭ്യാസ ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നത് പ്രൈമറി തലം മുതല്‍ ഉന്നത പഠനം വരെ എല്ലാ തലത്തിനും ബാധകമാക്കിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതിന് തൊഴിലാളിയുടെ അപേക്ഷ മാത്രമേ ആവശ്യമുള്ളൂ.