വികസനക്കുതിപ്പില്‍ മുഖച്ഛായ മാറി റൗള

Posted on: March 20, 2017 9:25 pm | Last updated: March 20, 2017 at 9:25 pm
അല്‍ റൗള

അജ്മാന്‍: അജ്മാനിലെ കിഴക്കന്‍ പ്രദേശമായ അല്‍ റൗള അഞ്ചു വര്‍ഷം മുമ്പ് വരെ മനുഷ്യവാസ യോഗ്യമല്ലാത്ത സ്ഥലമായിരുന്നു. വാഹന സൗകര്യമോ റോഡുകളോ ഇല്ലാത്ത, കുറുക്കന്റെ ഓരിയിടല്‍ മാത്രം കേട്ടിരുന്ന മരുഭൂമി. പഴയ അല്‍ സഹ്‌റയില്‍ നവീകരിച്ച റോഡുകളും പാലങ്ങളും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും എത്തിയപ്പോഴാണ് അല്‍ സഹ്‌റ എന്ന പേര് മാറ്റി അല്‍ റൗള എന്നാക്കിയത്. പഴയ തലമുറക്ക് സ്വപ്‌നംപോലും കാണാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങളാണ് റൗളയില്‍ നടക്കുന്നത്.

റോഡിന്റെ ഇരുവശങ്ങളിലും ചെറുതും വലുതുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരങ്ങളില്‍ തുറന്നിരുന്ന വലിയ മാളുകളും വ്യപാര സ്ഥാപനങ്ങളും റൗളയിലേക്ക് കടന്നുവരാനുള്ള ഒരുക്കത്തിലാണ്. മരുഭൂമി പ്രദേശമായിരുന്ന റൗളയില്‍ സ്വദേശികള്‍ക്ക് വീട് നിര്‍മിക്കാനുള്ള സൗകര്യം ചെയ്തുനല്‍കിയാണ് ഭരണകൂടം വികസനത്തിന് വേഗത കൂട്ടിയത്. ആയിരക്കണക്കിന് വീടുകളാണ് ഇവിടെ സ്വദേശികള്‍ക്കായി നിര്‍മിക്കുന്നത്. രാജ്യത്തിന്റെ ഏത് കോണിലേക്കും എളുപ്പത്തില്‍ എത്താനുള്ള റോഡ് സൗകര്യമുണ്ടെന്നതാണ് റൗളയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. റൗളയില്‍ നിന്നും അബുദാബി, ദുബൈ, റാസ് അല്‍ ഖൈമ നഗരങ്ങളിലേക്ക് നവീകരിച്ച റോഡുകള്‍ നിര്‍മിച്ചുകഴിഞ്ഞു. അജ്മാന്‍ വ്യവസായ മേഖലയിലേക്കും നഗരത്തിലേക്കും എളുപ്പത്തില്‍ എത്തുന്നതിനായി നിരവധി റോഡുകളുമുണ്ട്. വിശാലമായ വാഹന പാര്‍കിംഗ് സൗകര്യവും നഗരത്തിലെ തിരക്കില്ലായ്മയും ആളുകളെ റൗളയിലേക്ക് ആകര്‍ഷിക്കുന്നു. കൂടാതെ കുറഞ്ഞ വാടക നിരക്കില്‍ താമസ സൗകര്യം ലഭിക്കുന്നതും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുള്ളതും എളുപ്പത്തില്‍ സമീപ നഗരങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നതും മറ്റു എമിറേറ്റില്‍ ജോലി ചെയ്യുന്ന വിദേശികളും താമസിക്കുന്നതിന് റൗളയാണ് തിരഞ്ഞെടുക്കുന്നത്.

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവരില്‍ അധികവും കുടുംബത്തോടൊപ്പം റൗളയിലാണ് താമസം. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. പുതിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മാണത്തിലാണ്. റൗളയില്‍ ആധുനിക രീതിയിലുള്ള ബസ്, ടാക്‌സി സ്റ്റാന്‍ഡുകള്‍ നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പുതിയ ആശുപത്രികള്‍ വരാനുള്ള ഒരുക്കത്തിലാണ്.