റെസ്റ്റോറന്റില്‍ വിളമ്പുന്നത് ഹാനികരമല്ലാത്ത ഭക്ഷണമാണെന്നതിന് സാക്ഷ്യപത്രം

Posted on: March 20, 2017 8:23 pm | Last updated: March 20, 2017 at 8:23 pm
SHARE
നഗരസഭാ പരിസ്ഥിതി, ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് അല്‍ അവാദി വാര്‍ത്താസമ്മേളനത്തില്‍ (ഇടത്ത് റെസ്റ്റോറന്റുകള്‍ക്കുള്ള ലോഗോ)

ദുബൈ: നിങ്ങള്‍ക്ക് റെസ്റ്റോറന്റില്‍ നിന്ന് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം കഴിക്കണോ? ദുബൈ നഗരസഭ അതിന് വഴിയൊരുക്കുന്നു. നഗരസഭയുടെ ലോഗോ മെനു കാര്‍ഡില്‍ ഉണ്ടോ എന്ന് നോക്കിയാല്‍ മതി. ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിഭവം കണ്ടെത്തി 13 റെസ്റ്റോറന്റുകള്‍ക്കു നഗരസഭാ ഭക്ഷ്യസുരക്ഷാ വിഭാഗം സാക്ഷ്യപത്രം നല്‍കിയിട്ടുണ്ട്. ഇവരുടെ ശാഖയില്‍ ചെന്നാല്‍ മെനു കാര്‍ഡില്‍ പ്രത്യേക ലോഗോ ഉണ്ടാകും. അപ്പോള്‍ ഉറപ്പാക്കാം ഉത്തമ ഭക്ഷണമാണെന്ന്.

34 റസ്റ്റോറന്റുകള്‍ സാക്ഷ്യപത്രം ലഭിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. പരിശോധനയില്‍ നഗരസഭ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി ചില അപേക്ഷകള്‍ നിരസിച്ചു. ഇനിയും അപേക്ഷ സ്വീകരിക്കുമെന്നും പരിശോധകരെ അയക്കുമെന്നും നഗരസഭാ പരിസ്ഥിതി, ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് അല്‍ അവാദി പറഞ്ഞു.
മെനു കാര്‍ഡിലെ ഏതെങ്കിലും വിഭവത്തിന് നേര്‍ക്ക് നഗരസഭാ ലോഗോ കണ്ടാല്‍ അത് ആരോഗ്യദായക ഭക്ഷണമാണെന്ന് ഉറപ്പിക്കാം. ഇതൊരു പുതിയ സംവിധാനമാണ്. ഉത്തമ ‘ഭക്ഷണം കഴിക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ’ എന്ന ബോധവത്കരണത്തിന്റെ ഭാഗമാണിത്. പദ്ധതിയില്‍ ഉള്‍പെടുത്താന്‍ അപേക്ഷ നല്‍കുന്ന റെസ്റ്റോറന്റുകള്‍ക്ക് നഗരസഭ മാര്‍ഗനിര്‍ദേശം നല്‍കും. അത് പാലിക്കണം. എല്ലാ വിഭവവും അങ്ങിനെയാകണമെന്നില്ല. ഉപ്പ് കുറഞ്ഞ, കൊഴുപ്പില്ലാത്ത വിഭവം ആയിരിക്കണം.
മിക്ക ആളുകളും കൊഴുപ്പു കൂടിയ ഭക്ഷണമാണ് കഴിക്കുന്നത്. അത് ആരോഗ്യത്തിന് നന്നല്ല. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവ സമൂഹത്തെ കാര്‍ന്നുതിന്നുന്ന സാഹചര്യം ദുബൈയില്‍ ഉണ്ടാകരുത് എന്ന ആഗ്രഹമുണ്ട്. മിക്ക ആളുകളും റെസ്റ്റോറന്റുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയൊരു ചുവടുവെപ്പാണ്.

ലോകത്തു തന്നെ ഇത്തരമൊരു സംവിധാനം ആദ്യമാണെന്ന് തോന്നുന്നു. ഇതുമായി കൂടുതല്‍ റെസ്റ്റോറന്റുകള്‍ സഹകരിക്കണം. ഒരു ലോഗോക്ക് ഏഴു ദിര്‍ഹമാണ് നഗരസഭ ഈടാക്കുകയെന്നും ഖാലിദ് അവാദി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here