ചെങ്കടലിന്റെ തീരത്ത് ഇനി പുഷ്പ വസന്തത്തിന്റെ മനോഹര ദിനരാത്രങ്ങള്‍ വര്‍ണക്കാഴ്ചയൊരുക്കി യാമ്പു ഫ്‌ളവര്‍ഷോ

>>ചെങ്കടലിന്റെ തീരത്ത് ഇനി പുഷ്പ വസന്തത്തിന്റെ മനോഹര ദിനരാത്രങ്ങള്‍ >>വര്‍ണക്കാഴ്ചയൊരുക്കി യാമ്പു ഫ്‌ളവര്‍ഷോ
Posted on: March 20, 2017 8:20 pm | Last updated: March 20, 2017 at 8:20 pm

ദമ്മാം:യാമ്പു പുഷ്‌പോത്സവത്തില്‍ 16134 ചതുരശ്ര മീറ്ററില്‍ പതിനെട്ട് ലക്ഷം പൂക്കള്‍ ഒരുക്കി ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനിയെന്ന ഗിന്നസ് റെക്കോര്‍ഡ് സഊദി അറേബ്യ സ്വന്തമാക്കി.

126000 പൂക്കളില്‍ തീര്‍ത്ത 14 200.000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുഷ്പ പരവതാനി ഒരുക്കിയ മെക്‌സിക്കോയുടെ റെക്കോര്‍ഡാണ് സഊദി തകര്‍ത്തത്. 2014 ലെ പുഷ്പമേളയില്‍ 10712 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ പതിനഞ്ച് ലക്ഷം പൂക്കള്‍ കൊണ്ട് തീര്‍ത്ത പരവതാനി നേരത്തെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു.

യാമ്പു അല്‍മുനാസബാത്ത് പാര്‍ക്കിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്, സ്വദേശികളുടെയും വിദേശികളുടെയും മനസ്സില്‍ വര്‍ണ്ണങ്ങളുടെയും സുഗന്ധത്തിന്റെയും പുഷ്പവൃഷ്ടിയുടെയും വിസ്മയക്കാഴ്ചകള്‍ നിറക്കുന്ന ദിനങ്ങളിനി യാമ്പുവിന്റെ രാപ്പകലുകളെ എറെ ധന്യമാക്കും.

റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് എല്ലാ വര്‍ഷവും പുഷ്പ പ്രദര്‍ശനമേള നടക്കുന്നത്.റോയല്‍ കമ്മീഷന്റെ കീഴിലുള്ള പ്രത്യേക നഴ്‌സറിയില്‍ നിന്നുള്ള വ്യത്യസ്ഥ നിറങ്ങളിലുള്ള പതിനാല് തരം പൂക്കളാണ് പരവതാനിയില്‍ ഉപയോഗിച്ചിട്ടുള്ളത് ,

വാണിജ്യ വിനോദ പരിപാടികള്‍ പുനരുജ്ജീവിപ്പിക്കുതോടപ്പം ,പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഓരോ വര്‍ഷവും യാമ്പുവില്‍ പുഷ്പമേള സംഘടിപ്പിച്ചുവരുന്നത്, പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്രത്താളുകളില്‍ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാന്‍ സാധിക്കും.

പ്രവാചക നഗരിയായ മദീനയില്‍ നിന്ന് 230 കി.മി.ദൂരവും പരിശുദ്ധ മക്കയില്‍ നിന്ന് 370 കി മി ദൂരവുമാണ് യാമ്പുവിലേക്കുള്ളത് ,ചെങ്കടല്‍ തീരത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.

വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് സൗദിയിലെ ഏറ്റവും വലിയ പുഷ്പ വസന്തം ആസ്വദിക്കാന്‍ യാമ്പുവിലെത്തുന്നത്, മേളയില്‍ സ്വദേശത്തും വിദേശത്തുമുള്ള 150 കമ്പനികളുടെ പ്രദര്‍ശന പവലിയനുകളും ഒരുക്കിയിട്ടുണ്ട്.വിവിധ പ്രദര്‍ശനങ്ങളും മത്സരങ്ങളും പുഷ്പമേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.