ജയ്പൂരില്‍ പശുവിറച്ചി പാകം ചെയ്‌തെന്നു വ്യാജപരാതി; ഹോട്ടല്‍ അടച്ചുപൂട്ടി

Posted on: March 20, 2017 7:35 pm | Last updated: March 21, 2017 at 11:29 am
SHARE
Image source: Facebook

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പശുവിറച്ചി പാകം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഹോട്ടല്‍ അടച്ചുപൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. ഗോ രക്ഷാദള്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്. എന്നാല്‍ പരാതി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.

ഹോട്ടലില്‍ പശുവിറച്ചി പാകം ചെയ്‌തെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ തുറസായ സ്ഥലത്തു നിക്ഷേപിച്ചെന്നും ആരോപിച്ചാണ് ഗോ രക്ഷാദള്‍ നേതാവ് കമല്‍ ദിദി പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് റെയ്ഡ് നടത്തി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. ഹോട്ടലിന്റെ ഉടമസ്ഥന്‍ നയിം റബ്ബാനിയെയും രണ്ടു ജോലിക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു തെളിഞ്ഞതായി ജയ്പുര്‍ ഡിസിപി അശോക് കുമാര്‍ ഗുപ്ത അറിയിച്ചു. ഹോട്ടലില്‍നിന്നു മാംസാഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തേക്ക് എറിയുന്നതില്‍ നാട്ടുകാര്‍ക്കുള്ള നീരസമാണ് പരാതിക്കു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here