Connect with us

National

ക്യാമ്പസുകളില്‍ അസഹിഷ്ണുതക്ക് സ്ഥാനമില്ല: രാഷ്ട്രപതി

Published

|

Last Updated

മുംബൈ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസഹിഷ്ണുതക്കും മുന്‍ധാരണക്കും വെറുപ്പിനും യാതൊരു സ്ഥാനവും ഇല്ലെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. ബഹുസ്വരതയുടെ കൊടിയേന്തുന്നവയായിരിക്കണം ഇത്തരം സ്ഥാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, ജവാഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലകളിലും നടക്കുന്ന സംഭവപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ് മുഖര്‍ജിയുടെ പരാമര്‍ശം. കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് മുംബൈ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ സംവാദത്തിന് നാം തയ്യാറാകണം. പലപ്പോഴും അത് വാദപ്രതിവാദം തന്നെയായേക്കാം. കുടുസ്സായ മാനസിക നിലയും ചിന്തകളും മറികടക്കാനായാല്‍ അത്തരം അനുഭവങ്ങളെല്ലാം സംവാദത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനാകും. ചിന്തകളുടെയും തത്വശാസ്ത്രങ്ങളുടെയും വൈവിധ്യമാണ് ക്യാമ്പസുകളെ ചലനാത്മകമാക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.