ഐസ്‌ക്രീം വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

Posted on: March 18, 2017 9:05 am | Last updated: March 17, 2017 at 11:06 pm

കാസര്‍കോട്: ഐസ്‌ക്രീം വ്യാപാരിയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ പണം വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. കാസര്‍കോട്ടെ കൊമേഴ്ഷ്യല്‍ ടാക്‌സ് ഇന്റലിജന്റ്‌സ് ഓഫീസര്‍ എം പി രാധാകൃഷ്ണനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം മഞ്ചേശ്വരം ചെറുവത്തൂരിലെ ഐസ്‌ക്രീം പാര്‍ലര്‍ ഉടമയായ കെ എ മുഹമ്മദ് അശ്‌റഫിനോടാണ് രാധാകൃഷ്ണന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. മുഹമ്മദ് അശ്‌റഫ് രണ്ടര വര്‍ഷത്തെ നികുതിയായി 16 ലക്ഷം രൂപ അടക്കാനുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത്രയും തുക അടക്കാനുള്ള വരുമാനം തനിക്കില്ലെന്ന് അശ്‌റഫ് അറിയിച്ചപ്പോള്‍ തനിക്ക് രണ്ട് ലക്ഷം രൂപ തന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്രയും തുക തന്റെ കൈയിലില്ലെന്ന് അശ്‌റഫ് പറഞ്ഞപ്പോള്‍ 50,000 രൂപ മതിയെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. അഡ്വാന്‍സായി ആദ്യം 20,000 രൂപ വേണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതോടെ അശ്‌റഫ് വിവരം കാസര്‍കോട് വിജിലന്‍സിനെ അറിയിച്ചു.
രാധാകൃഷ്ണനെ കടയിലേക്ക് വരാന്‍ പറയണമെന്നും അഡ്വാന്‍സ് തുക കൈമാറുമ്പോള്‍ പിടികൂടാമെന്നും വിജിലന്‍സ് വ്യക്തമാക്കി. കടയിലെത്തിയ രാധാകൃഷ്ണന്‍ അശ്‌റഫിനോട് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. കാസര്‍കോട് വിജിലന്‍സ് സി ഐ അനില്‍, എ എസ് ഐ ശിവരാമന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹിതേഷ് രാമചന്ദ്രന്‍, രതീഷ്, രമേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.