പീഡനക്കേസ് ഒതുക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി ഐ ക്ക് സസ്‌പെന്‍ഷന്‍

Posted on: March 17, 2017 11:09 pm | Last updated: March 18, 2017 at 6:51 pm

കൊച്ചി:പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി സ്ത്രീപീഡനക്കേസ് ഒതുക്കി തീര്‍ത്തെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് സി ഐ. ടി ബി വിജയനെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീര്‍ത്തെന്ന പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. റേഞ്ച് ഐ ജി. പി വിജയനാണ് സി ഐയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടൊപ്പം കുബേര ഓപറേഷനില്‍ കുടുങ്ങിയ പലിശ ഇടപാടുകാരനില്‍ നിന്ന് സി ഐ വിജയന്‍ കൈക്കൂലി വാങ്ങിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയെ നഗരമധ്യത്തില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതികളില്‍ നിന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ഏഴ് ലക്ഷം രൂപ വീതമാണ് സി ഐ വിജയന്‍ കൈക്കൂലി വാങ്ങിയത്. ഓരോ പ്രതിയില്‍നിന്നും പിരിച്ച ഏഴ് ലക്ഷത്തില്‍ അഞ്ച് ലക്ഷം വീതം യുവതിക്ക് നല്‍കി. രണ്ട് ലക്ഷം വീതം പോലീസുകാരും അഭിഭാഷകനും ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നത്. ഏകദേശം ഒരു കോടി രൂപയിലേറെ രൂപയുടെ ഇടപാട് നടന്നെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഉടമ ആദ്യം പീഡിപ്പിച്ച ശേഷം പാലാരിവട്ടത്തെ ഒരു ഫഌറ്റില്‍ പൂട്ടിയിട്ട് മറ്റു പലര്‍ക്കും കാഴ്ചവെച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. പിന്നീടാണ് ഇത് ഒത്തുതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയത്.

അതേസമയം കേസൊതുക്കാന്‍ ഏഴ് ലക്ഷം രൂപ നല്‍കാന്‍ കഴിയാത്ത പ്രതികള്‍ പോലീസിനോടു പരാതിപ്പെട്ടത് അറിഞ്ഞ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതിന്റെ അടിസ്ഥാനത്തിലാണ് സി ഐക്കെതിരെ അന്വേഷണം നടത്തിയത്. ഇതോടൊപ്പം, കുബേരക്കേസില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മണികണ്ഠന്‍ എന്നയാളില്‍നിന്നും ടി ബി വിജയന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഈ രണ്ട് കേസുകളും പരിഗണിച്ച് സി ഐക്കെതിരെ നടപടിയെടുക്കാന്‍ ഡി ജി പി റേഞ്ച് ഐ ജിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.