തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; പ്രചാരണച്ചൂടിലേക്ക് മലപ്പുറം

Posted on: March 17, 2017 3:26 pm | Last updated: March 17, 2017 at 3:26 pm

മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അമിത് മീണ ഇതു സംബന്ധിച്ച വിജ്ഞാപനം കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയം ഇന്നലെ മുതല്‍ തുടങ്ങി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. അവസാന തീയതി മാര്‍ച്ച് 23 ആണ്.

സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 27 വരെയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനമായ ഇന്നലെ ആരും പത്രിക നല്‍കിയില്ല. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. രാത്രി തന്നെ പ്രധാന ടൗണുകളില്‍ വിജയാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ വ്യത്യസ്തമായ ഇ- പോസ്റ്ററുകള്‍ തയ്യാറാക്കിയുള്ള പ്രചരണങ്ങളും ഗാനങ്ങളും സജീവമായി. ഫഌക്‌സ് ബോര്‍ഡുകളും പലയിടത്തും ഉയര്‍ന്ന് കഴിഞ്ഞു. 20ന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അന്ന് തന്നെ മലപ്പുറത്ത് യു ഡി എഫ് യോഗവും പിറ്റെ ദിവസം മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടക്കും.
ഇടത് സ്ഥാനാര്‍ഥിയെ കാത്തു നില്‍ക്കാതെ പ്രചാരണങ്ങളുമായി മുന്നേറാനാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
മികച്ച പ്രചാരണത്തിലൂടെ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മില്‍ പ്രശ്‌നങ്ങളുള്ള പഞ്ചായത്തുകളില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി പരിഹരിക്കും.