താനൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം: കാന്തപുരം

Posted on: March 17, 2017 10:41 am | Last updated: March 17, 2017 at 10:41 am

കോഴിക്കോട്: താനൂര്‍ തീരദേശത്തെ രാഷ്ട്രീയ അക്രമത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മാരകായുധങ്ങളുമായി രാത്രി സമയത്ത് വീടുകളില്‍ കയറി അക്രമം നടത്തുകയാണ് ചെയ്തിട്ടുള്ളത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ ഭീതിയോടെയാണ് ഇപ്പോഴും ഇവിടെ കഴിയുന്നത്. പലര്‍ക്കും അക്രമം ഭയന്ന് പാലായനം ചെയ്യേണ്ടി വന്നിരിക്കുകയാണ്. വിദ്യാലയങ്ങള്‍ പോലും അടഞ്ഞ് കിടക്കുന്ന സാഹചര്യമാണുള്ളത്.

മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് നേരെയും അക്രമം നടത്തുകയും ഇവരുടെ വലയും തൊഴില്‍ ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സാന്ത്വന കേന്ദ്രം ഉള്‍പ്പെടെ സുന്നി സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നത് ചിലരുടെ ഒളിഅജന്‍ഡയുടെ ഭാഗമാണ്. ഇരുട്ടിന്റെ മറവില്‍ ആര് അക്രമം നടത്തിയാലും നീതീ-കരിക്കാനാകില്ല. നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കില്ല. മന:പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പാവപ്പെട്ട ജനങ്ങളെ ഇരകളാക്കരുത്. താനൂര്‍ മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടു വരാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൊടിയുടെ നിറം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറും പോലീസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.