Connect with us

Kerala

കെ എസ് ഇ ബിയിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തില്ല

Published

|

Last Updated

തിരുവനന്തപുരം: 6,500 കോടി രൂപയുടെ സാമ്പത്തികബാധ്യത നേരിടുന്നതിനാല്‍ കെ എസ് ഇ ബിയില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനാകില്ലെന്ന് മന്ത്രി എ കെ മണി അറിയിച്ചു. നിയമസഭയില്‍ റോഷി അഗസ്റ്റിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കെ എസ് ഇ ബിയില്‍ 33,000ത്തിലേറെ ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. ബോര്‍ഡില്‍ ജീവനക്കാര്‍ അധികമാണെന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ വിലയിരുത്തല്‍. ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സി മുഖേനയാണ് സാധാരണ നടത്തുന്നത്. എന്നാല്‍, ബോര്‍ഡിന്റെ കരാറെടുക്കുന്നവര്‍ക്ക് പുറമെ ജീവനക്കാരുടെ കുറവ് മൂലവും താത്കാലിക ജീവനക്കാരെ നിയമിക്കാറുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാല്‍ ഇവരെ സ്ഥിരപ്പെടുത്തുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി നിരക്ക് ഈടാക്കുന്നതില്‍ ഒരുതരത്തിലുമുള്ള വിവേചനം കാണിക്കില്ലെന്നും പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. വൈദ്യുതിനിരക്കില്‍ കുടിശിക വരുത്തിയവരില്‍ നോട്ടീസ് ലഭിച്ചിട്ടും പണമടക്കാന്‍ തയാറാകാത്തവരുടെ വൈദ്യുതിബന്ധം വിച്ഛേദിക്കും. കഴിഞ്ഞ സെപ്തംബര്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് 416.15 കോടി രൂപയാണ് സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും വരുത്തിയ വൈദ്യുതിനിരക്ക് കുടിശ്ശിക. ഇതില്‍ 194.43 കോടി രൂപയുടെ കുടിശ്ശിക സംബന്ധിച്ച കോടതിയില്‍ കേസ് നടക്കുകയാണ്. ബാക്കിയുള്ള തുകയില്‍ 19.62 കോടി രൂപ പിരിച്ചെടുത്തു. ശേഷിക്കുന്ന 202.1 കോടി രൂപ റവന്യു റിക്കവറിയിലൂടെയും ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് നോട്ടീസ് നല്‍കിയും പിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest