Connect with us

National

ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം; കേരളം ഇടപെടണമെന്ന് ആവശ്യം

Published

|

Last Updated

ബെംഗളൂരു: ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം നീക്കാന്‍ കേരളം ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. നീലഗിരി റെയില്‍വേ കര്‍മ സമിതി ഭാരവാഹികളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചാമരാജ് നഗറിലെ കൊളിഗലില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള പാതയായ 766ലെ ബന്ദിപ്പൂര്‍ വന്യ ജീവി സങ്കേതത്തിലാണ് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ 2009ല്‍ പുറപ്പെടുവിച്ച രാത്രി യാത്രാ നിരോധന ഉത്തരവ് കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ പൊതുതാത്പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി ഭരണഘടനയുടെ 226ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ദേശീയപാത 766ലെയും 67ലെയും രാത്രിയാത്ര നിരോധിക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ കേരള സര്‍ക്കാറും നീലഗിരി റെയില്‍വേ കര്‍മ സമിതിയും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേരള സര്‍ക്കാര്‍ നാല് തവണ കേസ് വാദിച്ചെങ്കിലും സുപ്രീം കോടതി വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. തുടര്‍ന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹന ഗതാഗതം പുനഃസ്ഥാപിക്കാന്‍ വന്യജീവി ശാസ്ത്രജ്ഞന്‍ ഡോ. ഈസയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ പഠനം നടത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതും പ്രായോഗികമാകില്ലെന്നാണ് കോടതി സ്വീകരിച്ച നിലപാട്. നിലവില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചിച്ച് പ്രായോഗികമായ തീരുമാനമെടുക്കാമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സുപ്രീം കോടതി കേസ് മാറ്റിവെച്ചിരിക്കുകയാണ്.

കര്‍ണാടക സര്‍ക്കാറിന്റെയും പരിസ്ഥിതി സംഘടനകളുടെയും നിലപാടുകള്‍ പരിഗണിച്ച് വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നതാണ് കര്‍മസമിതിയുടെ ആവശ്യം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ ദേശീയ പാതയിലുള്ള ആനത്താരകളില്‍ മേല്‍പ്പാലങ്ങളും മറ്റിടങ്ങളില്‍ ജൈവ പാലങ്ങളും സ്ഥാപിക്കുകയും ബാക്കി സ്ഥലങ്ങളില്‍ വേലി കെട്ടിയും മൃഗങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കര്‍മ സമിതി ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും പദ്ധതി നടപ്പാക്കാനുള്ള ചെലവ് കേരളം വഹിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ അനുകൂല വിധി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ശാസ്ത്രീയ പഠനം നടത്തണമെന്നതാണ് സംഘടനയുടെ ആവശ്യം.
അതേസമയം, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം വഴിയുള്ള രാത്രി യാത്രാ നിരോധനം നീക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കര്‍ണാടക ഗതാഗത മന്ത്രി ആര്‍ രാമലിംഗ റെഡ്ഡിയുമായി നീലഗിരി റെയില്‍വേ കര്‍മ സമിതി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. രാത്രിയാത്രക്ക് പരിഹാരം കാണാനായി ജൈവ പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ വന്യമൃഗങ്ങള്‍ക്ക് അപകടം കൂടാതെ സഞ്ചരിക്കാനാണ് ജൈവ പാലങ്ങള്‍ നിര്‍മിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുകയാണെങ്കില്‍ വാഹനങ്ങള്‍ ഇടിച്ച് മൃഗങ്ങള്‍ ചത്തുപോകുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഭൂരിഭാഗവും മണ്ണ് നിറച്ചാണ് ജൈവപാലങ്ങള്‍ നിര്‍മിക്കുന്നതെന്നതിനാല്‍ അവ പരിസ്ഥിതി സൗഹാര്‍ദപരമാണ്. രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി ജൈവപാലങ്ങളും ജൈവ ഇടനാഴികളുമാണ് നീലഗിരി റെയില്‍വേ കര്‍മ സമിതിയും നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യം നടപ്പാക്കുകയാണെങ്കില്‍ രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ നിര്‍മിതികളായിരിക്കും ഇവയെന്ന് കര്‍മസമിതി ചൂണ്ടിക്കാണിക്കുന്നു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിരോധനം നീക്കുന്നതിലും കോണ്‍വോയ് ആയി വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യത്തിലും കര്‍ണാടക നിലപാടറിയിച്ചിട്ടില്ല.

 

Latest