Connect with us

Articles

ഈ ഉദ്യോഗസ്ഥര്‍ ആരുടെ നിയമമാണ് നടപ്പാക്കുന്നത്?

Published

|

Last Updated

കേന്ദ്ര ശുദ്ധജല ശുചീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമാവേണ്ടത് ആ മന്ത്രാലയം വിഭാവനം ചെയ്ത പദ്ധതികളുടെയും അവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആദരത്തിന്റെയും പേരിലായിരുന്നു. എന്നാല്‍ അന്ന് അവിടെ സംഭവിച്ചത് സ്ത്രീകളെ അവമതിക്കല്‍ ആയിരുന്നു.
ഗാന്ധിയന്‍ ആദര്‍ശം ആയ മാലിന്യമുക്ത ഭാരതം എന്ന ആശയം അടിസ്ഥാനപ്പെടുത്തി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയുടെ വ്യാപനത്തിനും അതിനു ഉദാത്തമായ സംഭാവന ചെയ്ത തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറും ആയുള്ള മുഖാമുഖം, ഒപ്പം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച ആയിരുന്നു പരിപാടിയുടെ ലക്ഷ്യം. എന്നാല്‍, ഇന്ന് ആ പരിപാടി അടയാളപ്പെട്ടത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള മുന്‍വിധിയോടെയുള്ള, തുടര്‍ക്കഥയായി മാറിയ അസഹിഷ്ണുതയുടെ മറ്റൊരു അധ്യായം കൂടിയാണ്.
മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ഉള്‍പ്പെടെയുള്ള മുസ്‌ലിം വിഭാഗത്തില്‍ പെട്ട പ്രതിനിധികളോട് അവരുടെ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരുടെ നിയമം ആണ് നടപ്പാക്കുന്നത്? സ്‌േറ്റിന്റെയോ അതോ സംഘ്പരിവാറിന്റെയോ ? ഈ ചോദ്യം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉയരാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. സംഘ് പരിവാര്‍ സംഘടനകളുടെ സമാന്തര ഭരണം നാടിനു മേല്‍ അശാന്തിയുടെ വാളുയര്‍ത്തി നില്‍ക്കുന്നത് പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെയാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പരിവാറിലെ മതവെറിയന്മാര്‍ക്കു വേണ്ടിയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. വിമാനത്താവളങ്ങളില്‍, തൊഴിലിടങ്ങളില്‍, തെരുവുകളില്‍, പൊതുഇടങ്ങളില്‍ ഒക്കെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്കു പരിഹാരം കാണാന്‍ മോദി ബാധ്യസ്ഥനാണ്. അഹമ്മദാബാദില്‍ സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ചു എത്തിയ ജനപ്രതിനിധികള്‍, അതും വനിതകള്‍ , അവര്‍ മുസ്‌ലിം വിഭാഗത്തില്‍ ഉള്ളവരും ആചാരപ്രകാരം ഉള്ള ശിരോവസ്ത്രം ധരിച്ചവരും ആയതു കൊണ്ട് മാത്രം സുരക്ഷാ ഭീഷണി ആണ് എന്ന് ധരിച്ചുവെച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഒന്നോര്‍ക്കണം. അന്ധമായ മുസ്‌ലിംവിരുദ്ധത കൊണ്ട് നിങ്ങള്‍ മലിനപ്പെടുത്തുന്നത്, ഭരണഘടനാദത്തമായ അവകാശങ്ങളാണ്. അത് ഓരോ വ്യക്തിക്കും നല്‍കുന്ന സ്വാതന്ത്ര്യത്തെ ആണ്. ആ സ്ത്രീകള്‍ ചെയ്ത തെറ്റ് എന്താണ്? അവരുടെ മൗലിക അവകാശങ്ങള്‍ വിനിയോഗിച്ചതോ? അതോ അവരുടെ ശിരോവസ്ത്രങ്ങള്‍ നിങ്ങളുടെ ഉള്ളിലെ അബദ്ധധാരണയെ അതായത് “മുസ്‌ലിം = തീവ്രവാദം” എന്ന ധാരണയെ ഉണര്‍ത്തിയതോ?

ഒന്നോര്‍ക്കുക, ഡിസംബര്‍ ആറിന് ഈ നാടിനു മേല്‍ ഒരു തീരാ മുറിവായി ബാബരി മസ്ജിദ് തകര്‍ത്ത ശേഷം, വര്‍ഗീയ ശക്തികള്‍ ഒന്നിച്ചു ശ്രമിച്ചിട്ടും ഒരു ചെറുതീപ്പൊരി പോലും ഉയരാതെ കേരളത്തിന്റെ സാഹോദര്യത്തെ പൊതിഞ്ഞുപിടിച്ച ശ്രേഷ്ടപാരമ്പര്യം ഉള്ളവരാണ് കേരളത്തിലെ
ന്യൂനപക്ഷങ്ങള്‍. അവരില്‍ “അപകടം” മണക്കുന്ന ഭരണകൂടം അവരുടെ ഈ രാജ്യത്തിലും അതിന്റെ നിയമവ്യവസ്ഥയിലും ഉള്ള വിശ്വാസത്തിനു മേലാണ് കളങ്കം ചാര്‍ത്തുന്നത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരം ഉണ്ടാകാം. എന്നാല്‍ അത് ഒരു ശീലമാകുമ്പോള്‍ ആണ്, അത് ചെയ്യുന്നവര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആകുമ്പോള്‍ ആണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്. സ്വച്ഛ്ശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തന്റെ വാക്കുകള്‍ പൊള്ളയാണെന്ന് തെളിയിച്ചു, അദ്ദേഹം പറഞ്ഞു , ” I can see the determination to make a positive difference when I meet these women Sarpanchs. They w-ant to bring a qualitative change. ഗുണപരം ആയ മാറ്റം ഈ വനിതാ നേതാക്കള്‍ കൊണ്ടുവരും എന്ന് പറയുന്ന പ്രധാനമന്ത്രി മറന്നുപോയ ഒരു കാര്യമുണ്ട്, ഈ വനിതകള്‍ ഒന്നും തന്നെ വെറുതെ അഹമ്മദാബാദില്‍ എത്തിയവര്‍ അല്ല. അവരെയാണ് അങ്ങയുടെ സുരക്ഷക്ക് ഭീഷണി ആയി ഉദ്യോഗസ്ഥര്‍ കണ്ടതും അവരുടെ ശിരോവസ്ത്രം മാറ്റി അവരുടെ സ്വകാര്യ അവകാശമായ മത വിശ്വാസത്തെ അപമാനിച്ചതും.
നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉപമകള്‍ക്കും അലങ്കാരങ്ങള്‍ക്കും കുറവ് ഉണ്ടാവാറില്ല, ഈ പ്രസംഗത്തിലും സ്ത്രീകളുടെ പ്രാധാന്യം വിവരിക്കാന്‍ അദ്ദേഹം കൂട്ടുപിടിച്ചത് പുരാണ സൂക്തങ്ങളെയാണ്. ഗംഗയും കുരുക്ഷേത്രവും ഹിമാലയവും ഉള്ളിടത്തോളം സീതയുടെ ഗാഥ ഉണ്ടാകും. അത് പോലെ തന്നെ ബാലികേ നിന്റെ പേര് ലോകം എന്നേക്കും ഓര്‍മിക്കട്ടെ എന്ന് സദസ്സിനെ ഓര്‍മിപ്പിച്ച് ഭേദഭാവങ്ങള്‍ക്കെതിരെ വാചാടോപം നടത്തിയ പ്രധാനമന്ത്രി, തന്റെ മൂക്കിന് താഴെ സ്ത്രീകളെ, അവരുടെ മതത്തിന്റെ പേരില്‍ മാത്രം അപമാനിച്ചത് അറിഞ്ഞിട്ടും മൗനിയായി. ഒരു ഖേദ പ്രകടനം പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ മനസ്സില്‍നിന്നു വരണം എന്ന് നമ്മുടെ പ്രധാനമന്ത്രി എന്നാണ് തിരിച്ചറിയുക?
ഈ വിഷയത്തിന്റെ നിയമവശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 2016 ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഈ വിഷയത്തിന്റെ മറ്റൊരു വശമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രസ്തുത വിധി പ്രകാരം ഹരജിക്കാരായ പെണ്‍കുട്ടികള്‍ക്ക് ഫുള്‍ സ്ലീവ് വസ്ത്രവും ശിരോവസ്ത്രവും ധരിച്ചുകൊണ്ട് തന്നെ ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പരീക്ഷയെഴുതുവാന്‍ അനുവദിച്ചു. ഹരജിക്കാരുടെ മതവിശ്വാസം എന്ന അവകാശത്തെ മാനിച്ച വിധി പ്രസ്താവം, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യാശ പകരുന്നതായിരുന്നു. ആര്‍ട്ടിക്കിള്‍ ഇരുപത്തിയഞ്ച്(ഒന്ന്) പ്രകാരം മതസ്വാതന്ത്ര്യം പ്രകാശിപ്പിക്കാന്‍ ഉള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച ഈ വിധി കേന്ദ്രസര്‍ക്കാര്‍ മനസ്സിരുത്തിവായിക്കേണ്ടതാണ്.
പ്രാധാന്യമേറിയ നിരീക്ഷണങ്ങള്‍ ഉള്ള ഈ വിധി പ്രസ്താവത്തിലെ പ്രസക്തഭാഗങ്ങള്‍ ചിന്തനീയമാണ്. ഇതിനു തുല്യമായ നടപടികള്‍ ആണ് സ്റ്റേറ്റ് ഏജന്‍സികളില്‍ നിന്നു ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷിക്കുന്നത്, അവരുടെ വിശ്വാസങ്ങളുടെ സംരക്ഷണവും ഒപ്പം അവരും ഈ രാജ്യത്തിന്റെ ഭാഗം ആണെന്ന ഉറപ്പുനല്‍കലും ആവശ്യമാണ് ഇന്നത്തെ സാഹചര്യങ്ങളില്‍.

എന്നാല്‍, അഹമ്മദാബാദില്‍ നാം കണ്ടത് എല്ലാ തരം അവകാശങ്ങളുടെയും ലംഘനം ആണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചതും വിവേചനരഹിതമായി പെരുമാറിയതും കേവലം അജ്ഞത കൊണ്ടുണ്ടായ ഒന്നല്ല, മറിച്ച് മതത്തിന്റെ ഇടുങ്ങിയ കണ്ണുകളില്‍ കൂടി മാത്രം ന്യൂനപക്ഷങ്ങളെ കാണുന്ന ഏജന്‍സികളുടെ വികല വീക്ഷണം ആണ്. ഇത്തരം തെറ്റുകള്‍ ആണ് അരക്ഷിതത്വത്തിന്റെ വിത്ത് പാകുന്നതും ഭീതിയുടെ നിഴലില്‍ ജീവിക്കുന്ന സാധാരണക്കാരായ ന്യൂനപക്ഷങ്ങളെ മുന്‍വിധികളുടെ ഘെറ്റോകളില്‍ തളച്ചിടുന്നതും.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ന് കാണുന്ന വലതുപക്ഷ തീവ്രദേശീയതയുടെ പുനരാവിഷ്‌കാരത്തില്‍ തീവ്രവാദി സംഘടനകളുടെ പങ്ക് നിഷേധിക്കാനാവില്ല. പക്ഷേ, ബഹുസ്വരതയും സമഭാവനയും മുഖമുദ്രയാക്കിയ ഭാരതത്തില്‍ അത്തരം പ്രവണതകള്‍ ഒഴിവാക്കിയേ മതിയാകൂ. അതിനു മുന്‍കൈയെടുക്കേണ്ടത് പ്രധാനമന്ത്രി തന്നെയാകണം, സബ്കാ ഹാഥ് സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും പുരോഗതി)മാത്രം അല്ല സബ്കാ ഭറോസാ (എല്ലാവരുടെയും വിശ്വാസം) കൂടി ആര്‍ജിക്കണം.

 

---- facebook comment plugin here -----

Latest