Connect with us

Gulf

ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളം ഹമദ്‌

Published

|

Last Updated

ദോഹ: ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ വര്‍ഷത്തെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് സ്ഥാനങ്ങളാണ് ഹമദ് മെച്ചപ്പെടുത്തിയത്. മിഡില്‍ ഈസ്റ്റിലിലെ മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷം മിഡില്‍ ഈസ്റ്റിലെ മികച്ച സ്റ്റാഫ് സേവനം അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹമദിന് ലഭിച്ചു. ആംസ്റ്റര്‍ഡാമിലെ പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സോപോയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വര്‍ഷം തോറും ഹമദിലെത്തുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അവാര്‍ഡെന്നത് ശ്രദ്ധേയമാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഹമദിലെത്തിയ യാത്രക്കാരുടെ എണ്ണം 3.7 കോടിയായിരുന്നു. ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളമായി ഹമദിനെ യാത്രക്കാര്‍ തിരഞ്ഞെടുത്തത് വലിയ ബഹുമതിയാണെന്ന് അവാര്‍ഡ് ചടങ്ങില്‍ സംബന്ധിച്ച ഹമദ് വിമാനത്താവളം സി ഒ ഒ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. 75 ാം സ്ഥാനത്ത് നിന്ന് നാല് വര്‍ഷം കൊണ്ട് ആറാം സ്ഥാനത്തെത്തിയത്, സേവനങ്ങളും സൗകര്യങ്ങളും തുടര്‍ച്ചയായി പരിഷ്‌കരിക്കാനുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള ഒരു വിമാനത്താവളം മേഖലയിലെ ഒന്നാമത്തെതും ലോകത്തെ ആറാമത്തെയും മികച്ച വിമാനത്താവളമായി ഉയര്‍ന്നുവന്നത് വലിയ നേട്ടമാണെന്ന് സ്‌കൈട്രാക്‌സ് സി ഇ ഒ എഡ്വാര്‍ഡ് പ്ലൈസ്റ്റ്ഡ് പറഞ്ഞു.

വിമാനത്താവള വ്യവസായ മേഖലയിലെ ഉന്നത ബഹുമതിയാണ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍. ഉപഭോക്താക്കളുടെ വോട്ടാണ് ഇതിന് മാനദണ്ഡമെന്നതിനാല്‍ അവരുടെ സംതൃപ്തിയെയാണ് ഇത് കാണിക്കുന്നത്. സര്‍വേയും അവാര്‍ഡ് നടപടിക്രമങ്ങളും തീര്‍ത്തും സുതാര്യവും സ്വതന്ത്രവുമാണ്. ലോകത്തെ 410 വിമാനത്താവളത്തില്‍ നിന്നുള്ള 110 രാജ്യക്കാരായ 12.85 മില്യന്‍ ഉപഭോക്താക്കളുടെ അഭിപ്രായമനുസരിച്ചാണ് ലോക വിമാനത്താവള അവാര്‍ഡ് നിര്‍ണയിക്കുന്നത്. ചെക്ക് ഇന്‍, അറൈവല്‍, ട്രാന്‍സ്‌ഫേഴ്‌സ്, ഷോപ്പിംഗ്, സെക്യൂരിറ്റിയും ഇമിഗ്രേഷനും, ഡിപ്പാര്‍ച്ചര്‍ തുടങ്ങി 39 ഘടകങ്ങളുടെ പ്രകടനമാണ് വിലയിരുത്തുന്നത്.

 

Latest