വ്യവസായ ഉത്പന്നങ്ങളുടെ കോപ്പിയടി തടയുന്ന നിയമത്തിന് അംഗീകാരം

Posted on: March 16, 2017 9:48 pm | Last updated: March 16, 2017 at 9:48 pm

ദോഹ: രാജ്യത്തെ വ്യവാസായ സംരംഭകര്‍ ഉത്പാദിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പകര്‍പ്പുണ്ടാക്കല്‍, വ്യാപാര നാമം, സ്ഥലനാമ സവിശേഷത, വ്യാപാരമുദ്ര, വ്യാവസായിക രൂപകല്പന, മാതൃക എന്നിവയെല്ലാം സംരക്ഷിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് ഖത്വര്‍ മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, എക്‌സിക്യുട്ടീവ് റഗുലേഷന്‍ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കരിടിന് അംഗീകാരം നല്‍കിയത്.

വ്യവാസായ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യം വെച്ചുള്ളതാണ് നിയമം. ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി എന്ന പേരില്‍ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതനും നിര്‍ദേശമുണ്ട്. വ്യവസായ മേഖലയിലെ പുതിയ ലൈസന്‍സുകള്‍, വ്യാപാര നാമങ്ങള്‍, മുദ്രകള്‍, ഉത്പന്ന്ങ്ങള്‍ തുടങ്ങിയവ മാഗസിനില്‍ പ്രസിദ്ധീകരിക്കും. ഉടമസ്ഥരുടെ വിവരങ്ങളുള്‍പ്പെടെ ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്ന ജേണല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായകമാകും. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് അവയുടെ പകര്‍പ്പുകളോ സമാന സ്വഭാവത്തിലുള്ളതോ ആയ ഉത്പന്നങ്ങള്‍ രാജ്യത്ത് നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും തടയാന്‍ അവകാശമുണ്ടാകും. രജിസ്റ്റര്‍ ചെയ്ത ഒരു മാതൃകയുടെ സംരക്ഷിത കാലാവധി അഞ്ചു വര്‍ഷമായിരിക്കും. സമാനമായ രണ്ടു കാലാവധിയിലേക്കു കൂടി (പത്തു വര്‍ഷം) പുതുക്കാം.
കൊമേഴ്‌സ്യല്‍ രജിസ്റ്റര്‍ എന്റോള്‍മെന്റ് കാലാവാധി ഒന്നിലധികം വര്‍ഷത്തേക്ക് നീട്ടുന്നതു സംബന്ധിച്ചുള്ള വാണിജ്യ മന്ത്രാലയം തയാറാക്കിയ നിയമത്തിന്റെ കടരിനും മന്ത്രിസഭ അംഗീകാരം നല്‍കി. ബിസിനസ് മേഖലയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നിയമം തയ്യാറാക്കിയത്. അഡ്വക്കസി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.