Connect with us

Gulf

എണ്ണയിതര വരുമാനത്തില്‍ ദുബൈ മുന്നേറുന്നു

Published

|

Last Updated

ദുബൈ: ദുബൈയുടെ എണ്ണയിതര വരുമാനം 1.27 ലക്ഷം കോടി ദിര്‍ഹമായെന്ന് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
2009ല്‍നിന്ന് 70 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായതെന്ന് ശൈഖ് ഹംദാന്‍ അറിയിച്ചു. 2008ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് നമ്മള്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എമിറേറ്റിന്റെ ശക്തമായ സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കായുള്ള നടപടികളാണ് ഇതിന് ശക്തിപകര്‍ന്നതെന്ന് ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. ദുബൈയുമായുള്ള വ്യാപാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചൈനയാണ്. മൊത്തം വ്യാപാരത്തിന്റെ 13 ശതമാനവും ചൈനയുമായുള്ള കയറ്റിറക്കുമതിയാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 7.4 ശതമാനത്തിന്റെ വളര്‍ച്ചയില്‍ 9,400
കോടി ദിര്‍ഹമിന്റെ വ്യപാരം നടന്നു. അമേരിക്കയാണ് തൊട്ടുപിറകില്‍. 6.7 ശതമാനം. മേഖലയില്‍നിന്ന് തന്നെ മുന്നിലും വ്യാപര ഇടപാടുകളുടെ വിഷയത്തില്‍ ആഗോള തലത്തില്‍ നാലാമതും സഊദിയാണ് തൊട്ടു പിറകില്‍. പിന്നാലെ ജര്‍മനിയുമുണ്ട്. വിദേശ വ്യാപാരത്തിന്റെ വൈവിധ്യതയില്‍ ഏതു തരം ഏറ്റക്കുറച്ചിലുകളെയും തരണം ചെയ്യാനുള്ള ശേഷി ദുബൈ കൈവരിച്ചതിനാലാണ് വ്യാപാര അഭിവൃദ്ധി നേടിയെടുത്തതെന്ന് ശൈഖ് ഹംദാന്‍ വിശദീകരിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ധിഷണാപരമായ ഭരണമികവിന് ഈ സമയത്തു നന്ദി പറയേണ്ടതുണ്ട്. എണ്ണയിതര വരുമാനത്തിനായി ഉന്നതമായ ഉറവിടങ്ങളാണ് ദുബൈ ഭരണകൂടം ഒരുക്കിയിട്ടുള്ളതെന്നും ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി.