വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളി സാഹസികമായി പിടിയില്‍

Posted on: March 16, 2017 1:35 pm | Last updated: March 16, 2017 at 12:36 pm

കല്‍പ്പറ്റ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കാവുവയല്‍ വീട്ടില്‍ ബാബു എന്ന തുളസീദാസി( 48)നെയാണ് കഴിഞ്ഞ ദിവസം രാത്രി പുത്തൂര്‍വയലിലെ വാടകവീട്ടില്‍ നിന്ന് പോലീസ് പിടികൂടിയത്. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ബാബു പലരില്‍ നിന്നായി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. മുമ്പ് പനമരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രകാരമാണ് അറസ്റ്റ്. കല്‍പ്പറ്റ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

കഴിഞ്ഞ മാസം ബാബു സ്‌കോര്‍പിയോ വാഹനത്തില്‍ കല്‍പ്പറ്റ ടൗണിലേക്ക് പോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും ഇയാള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. പുത്തൂര്‍വയലില്‍ വീട് വാടകക്ക് എടുത്ത് താമസിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച വൈകീട്ട് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ ഡി വൈ എസ് പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ് ഐ ജയപ്രകാശ്, പനമരം എസ് ഐ വിനോദ് വലിയാറ്റൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസിനെ കണ്ട ബാബു ലൈറ്റുകള്‍ അണച്ച് വാതില്‍ കുറ്റിയിട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനാല്‍ പോലീസ് ഒടുവില്‍ വാതില്‍ പൊളിച്ച് പ്രതിയെ കീഴടക്കുകയായിരുന്നു.
മലേഷ്യയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് മാനന്തവാടിയിലുള്ള നിരവധി ആളുകളില്‍ നിന്നും ബാബു വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.