റേഷന്‍ കാര്‍ഡ് വിതരണം അടുത്തമാസം പൂര്‍ത്തിയാക്കും

Posted on: March 16, 2017 12:59 pm | Last updated: March 16, 2017 at 12:04 pm

തിരുവനന്തപുരം: അടുത്ത മാസത്തോടുകൂടി സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു.

ബി സത്യന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകളും തദ്ദേശസ്വയംഭരണ സ്ഥാപന സമിതികളും ഒഴിവാക്കാനും ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം, ലഭിച്ച പട്ടികയില്‍ ഒഴിവാക്കിയവരുടെ എണ്ണം കുറവാണ്. അതിനാല്‍, പ്രദേശങ്ങളില്‍ നേരിട്ട് വകുപ്പുതലത്തില്‍ സന്ദര്‍ശനം നടത്തി അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരെ ഉള്‍പ്പെടുത്താനും നടപടി സ്വീകരിക്കും.

അര്‍ഹതയുള്ള ഒരാള്‍പോലും ഒഴിവാക്കപ്പെടാതെ കുറ്റമറ്റ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
റേഷന്‍കാര്‍ഡ് വിതരണം ചെയ്തതിനുശേഷവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പുനഃപരിശോധിക്കും. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി റേഷന്‍കടകള്‍വഴി വിതരണംചെയ്ത പ്രീപോപുലേറ്റഡ് ഫോമിലൂടെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കരട് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ വെരിഫിക്കേഷന്‍ കമ്മിറ്റിക്കും ജില്ലാ കലക്ടര്‍ അധ്യക്ഷനായ അപ്പീല്‍ കമ്മിറ്റിക്കും മുമ്പാകെ പരാതി നല്‍കാന്‍ അവസരം നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.