Connect with us

Kozhikode

ഗെയില്‍ വിരുദ്ധ സമരത്തില്‍ സി പി എം പ്രാദേശിക നേതാക്കള്‍ വരെ; മുഖ്യമന്ത്രിയുടെ വാദം സത്യവിരുദ്ധം

Published

|

Last Updated

മുക്കം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് കേരളത്തിലെ വളരെ ചെറിയ സംഘടനയായ ഒരു കക്ഷിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പൊളിയുന്നു. കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള വാതകപൈപ്പ് ലൈന്‍ നിര്‍മാണത്തിനെതിരെ പ്രാദേശിക ഘടകങ്ങളില്‍ ആദ്യം കൂട്ടായ്മ രൂപവത്കരിച്ചത് സി പി എമ്മിന്റെ പ്രാദേശിക നേതാക്കളാണ്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് പൈപ്പ്‌ലൈന്‍ നിര്‍മാണത്തിന് ശ്രമങ്ങള്‍ സജീവമായത്. അതിനു മുമ്പുള്ള എല്‍ ഡി എഫ് ഭരണത്തിന്റെ അവസാന കാലത്ത് പദ്ധതിക്ക് ശ്രമം തുടങ്ങിയെങ്കിലും ബഹുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ സര്‍വേ നടപടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നപ്പോഴാണ് ജനങ്ങള്‍ സമരമുഖത്തേക്കിറങ്ങിയത്. യു ഡി എഫ് ഭരണകാലമായതിനാല്‍ എല്‍ ഡി എഫിന്റെ ഉത്തരവാദപ്പെട്ട പല നേതാക്കളും സമരത്തിന്റെ മുഖ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. ബഹുജനങ്ങളെ അണിനിരത്തി നിരവധി സമരങ്ങള്‍ അന്ന് നടന്നു. എന്നാല്‍ കഴിഞ്ഞ ഭരണത്തിന്റെ അവസാനത്തോടെ സമരത്തിന് സജീവത ഇല്ലാതായി. ഭരണമാറ്റം വന്നതോടെ സമരത്തില്‍ നിന്ന് ഒരു വിഭാഗം പൂര്‍ണമായും മാറിനില്‍ക്കുകയായിരുന്നു.

സര്‍വേ ആരംഭിച്ചതോടെ എല്‍ ഡി എഫ് നേതാക്കള്‍ക്ക് പകരം യു ഡി എഫ് നേതാക്കള്‍ മുന്നില്‍
നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍. അതേസമയം സ്ഥലം നഷ്ടപ്പെടുന്ന പല സി പി എം പ്രവര്‍ത്തകരും നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും സമരത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ജില്ലയിലെ കാരശ്ശേരി പഞ്ചായത്തില്‍ സര്‍വേ നിര്‍ത്തിവെക്കണമെന്നും പുതിയ അലൈന്‍മെന്റ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടത് എല്‍ ഡി എഫ് ഭരണസമിതിയാണ്.
സര്‍വേക്കെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ നിരവധിയാളുകള്‍ക്കെതിരെ 107 വകുപ്പ് ചുമത്തി കേസെടുത്തതില്‍ മുഖ്യമന്ത്രി പറഞ്ഞ കക്ഷി പ്രതിനിധികളില്ലെന്നതാണ് സത്യം. സജീവ എല്‍ ഡി എഫ് പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്തംഗങ്ങളും സമരത്തിന് നേതൃത്വം നല്‍കിയിരുന്നു.

 

---- facebook comment plugin here -----

Latest