Connect with us

International

അറുതിയുടെ ആറാണ്ടില്‍ സിറിയ: എന്ന് ഉദിക്കും സമാധാനത്തിന്റെ സൂര്യന്‍?

Published

|

Last Updated

“യുദ്ധം ഒന്നിനും പരിഹാരമല്ല”, ക്ലാസ് മുറികളില്‍ മുദ്രാവാക്യമായും കൊളാഷായിട്ടും സ്‌കൂള്‍ കുട്ടികള്‍ എഴുതിവെക്കുന്ന സാമാന്യ മനുഷ്യ യുക്തിയില്‍ നിന്നുള്ള വാചകമാണിത്. എന്നാല്‍, സിറിയന്‍ വിഷയത്തില്‍ ഇത് ബോധ്യപ്പെടാന്‍ ലോക രാജ്യങ്ങള്‍ക്ക് ആറ് വര്‍ഷമാണ് എടുക്കേണ്ടിവന്നത്. അപ്പോഴേക്കും ലോകത്തിന് സിറിയ നിലക്കാത്ത നിലവിളിയായി മാറിയിരുന്നു. ഭീതിതവും കരളലിയിപ്പിക്കുന്നതുമായ ആയിരക്കണക്കിന് ചിത്രങ്ങള്‍ ലോകത്തെ നടുക്കിയിരുന്നു. തകര്‍ന്ന നഗരങ്ങളും നാടുകളും റോഡുകളും കെട്ടിടങ്ങളും ആധുനിക ലോകത്ത് സിറിയയെ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി. വൈദ്യുതി, മൊബൈല്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളൊന്നുമില്ലാത്ത സിറിയന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ഓടിയത് ഒരിറ്റ് കുടിവെള്ളത്തിനായും പേടിച്ചുറങ്ങേണ്ടാത്ത രാത്രികള്‍ക്കായും.

അസ്താനയിലും അസ്ഥാനത്താകുന്ന സമാധാനം
കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ സമാധാന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആറ് വര്‍ഷത്തെ ദുരന്ത പാഠങ്ങളും വിമത, സര്‍ക്കാര്‍ പക്ഷത്തെ ബാധിച്ചിട്ടില്ലെന്നതാണ് വേദനാജനകമായ സത്യം. യുദ്ധവും കലാപവും പരിഹാരമെല്ലന്ന അടിസ്ഥാന പ്രമേയത്തിലൊതുങ്ങി നില്‍ക്കുകയാണ് അസ്താനയില്‍ ചര്‍ച്ചകള്‍.

രാഷ്ട്രീയ പരിഹാരങ്ങളെ കുറിച്ചൊന്നും ക്രിയാത്മകമായ ചര്‍ച്ചകള്‍ കസാഖിസ്ഥാനിലും ജനീവയിലും സംഭവിക്കുന്നില്ല. യു എന്നും അമേരിക്കയും പരാജയപ്പെട്ട സിറിയന്‍ സമാധാനം എന്ന സ്വപ്‌നത്തിനായി റഷ്യയും ഇറാനും തുര്‍ക്കിയുമാണ് മുന്നിട്ടിറങ്ങുന്നത്. സിറിയന്‍ കലാപത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുക്കുന്നവരാണ് ഈ മൂന്ന് രാജ്യങ്ങളും. അഥവ സിറിയയില്‍ പിടഞ്ഞുവീണ മനുഷ്യ ജന്മങ്ങളുടെ ശാപവും പേറി രക്തക്കറയോടെയാണ് ഇവര്‍ ചര്‍ച്ചക്കിറങ്ങുന്നത്.

2011 മാര്‍ച്ച് 15നാണ് സിറിയയില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നത്. സ്വേച്ഛാധിപതിയായ അസദ് ശിയാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ്. 1971 മുതല്‍ രാജ്യം ഭരിച്ച പിതാവ് ഹാഫിസ് അല്‍ അസദിന്റെ മരണത്തിന് ശേഷമാണ് 2000 ജൂലൈ 17ന് 19ാം പ്രസിഡന്റായി ബശര്‍ അല്‍ അസദ് അധികാരത്തിലേറുന്നത്.

“മുല്ലപ്പൂ ഗന്ധ”മേറ്റ ഹംസ്

അറബ് നാട്ടില്‍ ഭരണകൂടങ്ങള്‍ക്കെതിരെ പൊട്ടിപുറപ്പെട്ട മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രചോദനത്തിലാണ് സിറിയയിലും അസദ്‌വിരുദ്ധ വികാരം പൊട്ടിപ്പുറപ്പെട്ടത്. 2011 മാര്‍ച്ച് പകുതിയോടെ ഇതൊരു കൂട്ടായ്മയായിമാറുകയും പടിഞ്ഞാറന്‍ സിറിയയിലെ ഹംസില്‍ ആയിരങ്ങള്‍ അണിനിരന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തു. സര്‍ക്കാറിന്റെ അഴിമതിക്കും, ആക്രമണങ്ങള്‍ക്കും അനീതിക്കുമെതിരെയായിരുന്നു പ്രക്ഷോഭം. പതിയെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ ജനവികാരം ഉണര്‍ന്നു. രാജ്യവ്യാപകമായ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നീക്കവുമായി സൈനിക മേധാവികൂടിയായ അസദ് നീങ്ങി. കടുത്ത യു എസ്‌വിരുദ്ധനും റഷ്യന്‍ അനുകൂലിയുമായ അസദിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ വിമതര്‍ക്ക് രഹസ്യപിന്തുണയുമായി അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്തെത്തിയതോടെ പ്രക്ഷോഭം കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.
തുര്‍ക്കി വഴിയും മറ്റും വിമതര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളെത്തിയത് കൂടുതല്‍ രക്തരൂഷിതമായ ഏറ്റുമുട്ടലിലേക്ക് രാജ്യത്തെ നയിച്ചു. ഇതിനിടെ, വിമതപക്ഷത്ത് വിള്ളലുകള്‍ പ്രകടമായി തുടങ്ങി. പ്രക്ഷോഭത്തിന്റെ സ്വഭാവം, വിപ്ലവത്തിന്റെ ലക്ഷ്യം, യു എസ് സഹായം സ്വീകരിക്കല്‍ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളില്‍ വിമത ചേരിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഇതോടെ സൈന്യത്തെ തുരത്തിയ പല മേഖലയിലും വിമതര്‍ തമ്മില്‍ ഏറ്റുമുട്ടി.

ഇസിലിന്റെ വളര്‍ച്ച

വിമത പ്രക്ഷോഭത്തിനിടയില്‍ ശക്തി പ്രാപിച്ച സലഫിസ്റ്റ് തീവ്രവാദി വിഭാഗമാണ് ഇസില്‍. ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തിയില്‍ ശക്തി പ്രാപിച്ച ഇസില്‍ ഭീകരര്‍ ഒരേസമയം സിറിയയുടെയും ഇറാഖിന്റെയും ഭുപ്രദേശങ്ങളിലേക്ക് പ്രവേശിച്ചു.
ഏറ്റുമുട്ടലിനിടെ വിമതരും സിറിയന്‍ സൈന്യവും ശ്രദ്ധിക്കാതിരുന്ന രാജ്യത്തെ പുരാതന കേന്ദ്രങ്ങളും ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലുമായിരുന്നു ഇസിലിന്റെ കണ്ണ്. ഇസ്‌ലാമിക സ്മാരകങ്ങളും ആരാധനാലയങ്ങളും തകര്‍ത്തായിരുന്നു ഇസിലിന്റെ സിറിയയിലെ വളര്‍ച്ച. ആയിരങ്ങളാണ് ഇസിലിന്റെ ക്രൂരതക്ക് ഇരയായത്.

ഐലാന്‍ കുര്‍ദി വരച്ച
അഭയാര്‍ഥി ചിത്രം

ഏറ്റുമുട്ടലിന്റെ പരിണിത ഫലമായി ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് അതിര്‍ത്തി രാജ്യങ്ങളിലേക്കുമായിരുന്നു പലായനങ്ങള്‍. എവിടെയും സമാധാനമില്ലെന്ന് ബോധ്യപ്പെട്ടതോടെ യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യംവെച്ച് സിറിയന്‍ പൗരന്മാര്‍ കടല്‍ കടക്കുകയായിരുന്നു.
അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങളിലും ഭിന്നത രൂക്ഷമായി. ഐലാന്‍ കുര്‍ദിയടക്കമുള്ള നൂറ് കണക്കിന് മൃതദേഹങ്ങള്‍ യൂറോപ്യന്‍ തീരങ്ങളില്‍ അടിഞ്ഞു.

കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 70 ഓളം രാജ്യങ്ങളിലായി 49,57,907 അഭയാര്‍ഥികള്‍ സിറിയയില്‍ നിന്ന് പലയാനം ചെയ്തുവെന്നാണ് യു എന്‍ പറയുന്നത്. യഥാര്‍ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. അയല്‍ രാജ്യമായ തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ളത്.