രണ്ടായിരം രൂപ നോട്ടടിക്കാന്‍ ചെലവ് 3.77 രൂപ; അഞ്ഞൂറിന് 2.87 രൂപ

Posted on: March 15, 2017 8:59 pm | Last updated: March 15, 2017 at 8:59 pm

ന്യൂഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടുകള്‍ അടിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വെളിപ്പെടുത്തി. അഞ്ഞൂറ് രൂപ നോട്ടടിക്കാന്‍ നോട്ട് ഒന്നിന് 2.87 മുതല്‍ 3.09 രൂപ വരെയും രണ്ടായിരം രൂപ നോട്ടടിക്കാന്‍ 3.54 രൂപ മുതല്‍ 3.77 രൂപ വരെയുമാണ് ചെലവെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഗ്വാള്‍ പറഞ്ഞു. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റിസര്‍വ് ബാങ്കിന് നിലവില്‍ നോട്ടടിക്കാന്‍ പേപ്പര്‍ നല്‍കുന്ന അതേ കമ്പനിയില്‍ നിന്ന് തന്നെയാണ് പുതിയ നോട്ടുകള്‍ക്കായുള്ള പേപ്പറുകളും വാങ്ങുന്നതെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. ഈ പേപ്പര്‍ മറ്റൊരു പാര്‍ട്ടിക്കും നല്‍കരുതെന്ന് കമ്പനിയുമായി കരാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.