Connect with us

Kerala

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

Published

|

Last Updated

മലപ്പുറം: ഇ അഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഈ മാസം 20ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ദേശീയ  രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തില്‍ അദ്ദേഹം തുടരുമെന്ന് ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും തുടര്‍ന്ന് പാര്‍ലിമെന്ററി ബോര്‍ഡ് യോഗവും ചേര്‍ന്നാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുത്തത്. യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വ മോഹവുമായി പാര്‍ട്ടിയില്‍ പലരും രംഗത്ത് വന്ന സാഹചര്യത്തില്‍ അതിന് തടയിടാന്‍ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കുക എന്ന ഒരേ ഒരു മാര്‍ഗം മാത്രമാണ് ലീഗിന് മുന്നിലുണ്ടായിരുന്നുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഒരു വേള ഇ അഹമ്മദിന്റെ മകള്‍ പോലും മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്.

നിലവില്‍ നിയമസഭാ പ്രതിപക്ഷ ഉപനേതാവായ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വിജയിച്ചാൽ അദ്ദേഹം ഇപ്പോൾ പ്രതിനിധാന‌ം ചെയ്യുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലു‌ം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് സൂചനയുണ്ട്. മമ്മൂട്ടി മുതല്‍ ടി കെ റഷീദലി വരെയുള്ളവരുടെ പേരുകള്‍ സിപിഎം പട്ടികയില്‍ കേള്‍ക്കുന്നുണ്ട്.

Latest