സാമാജികനായി അര നൂറ്റാണ്ട്; മാണിക്ക് സഭയുടെ ആദരം

Posted on: March 15, 2017 12:54 pm | Last updated: March 15, 2017 at 7:53 pm

തിരുവനന്തപുരം: പാര്‍ലിമെന്ററി ചരിത്രത്തില്‍ അപൂര്‍വ നേട്ടവുമായി കെ എം മാണി. നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാണിക്ക് സഭയുടെ ആദരം. ആര്‍ക്കും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത പ്രമാണിയാണ് മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉപചാര പ്രമയം അവതരിപ്പിച്ചു.

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ പോലും ഇതിന് സമാന മാതൃകകള്‍ ഉണ്ടോ എന്ന് സംശയമാണ്. മുന്നണികള്‍ മാറി മത്സരിച്ചിട്ട് പോലും ഒരേ മണ്ഡലത്തില്‍ നിന്ന് തന്നെ ഇത്രയും തവണ ജയിച്ചുകയയറി എന്നതും മാണിയുടെ പ്രത്യേകത തന്നെ. മാറാത്ത സാന്നിധ്യമായി എന്നും ഉണ്ടായിരുന്നത് മാണി മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തത്വശാസ്ത്രങ്ങളെ പിന്തുടരുകയല്ല, തത്വശാസ്ത്രം സൃഷ്ടിച്ചയാളാണ് കെഎം മാണിയെന്ന ്‌സ്പീക്കര ശ്രീരാമകൃഷ്ണനും പറഞ്ഞു.

തന്നെപറ്റി നല്ലത് പറഞ്ഞ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മാണി പറഞ്ഞു. മുഖ്യമന്ത്രി കലവറയില്ലാതെയാണ് തന്നെ അഭിനന്ദിച്ചത്. നമ്മള്‍ ശത്രുക്കളാണ എന്ന് കരുതുന്ന പലരും മിത്രങ്ങളാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

1965ല്‍ ആണ് കെഎം മാണി പാലായില്‍ നിന്ന് ആദ്യമായി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ആ തവണ സഭ ചേര്‍ന്നില്ല. 1967ലെ തിരഞ്ഞെടുപ്പിലും വിജയമാവര്‍ത്തിച്ച മാണി മാര്‍ച്ച് 15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2014 മാര്‍ച്ച് 12ന് കെആര്‍ ഗൗരയമ്മയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മാണി ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായി നിന്നത്.