Connect with us

International

തൊഴിലിടങ്ങളില്‍ ഹിജാബിന് വിലക്ക്

Published

|

Last Updated

ബ്രസല്‍സ്: തൊഴിലാളികള്‍ ഹിജാബ് അടക്കമുള്ള പ്രകടമായ മതചിഹ്നങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തൊഴില്‍ ഉടമകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ പരമോന്നത കോടതിയുടെ അനുമതി. യൂറോപ്പില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ വിഷയത്തില്‍ രണ്ട് സ്ത്രീകള്‍ നല്‍കിയ ഹരജി പരിഗണിച്ച് യൂറോപ്പ് കോര്‍ട്ട് ഓഫ് ജസ്റ്റിസ് (ഇ യു പി) ആണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ബെല്‍ജിയത്തിലെ ജി ഫോര്‍ എസ് സെക്യുര്‍ സൊലൂഷന്‍സില്‍ ജോലി ചെയ്തിരുന്ന യുവതിയും ജോലി സ്ഥലത്ത് ശിരോവസ്ത്രം ധരിക്കരുതെന്ന കമ്പനി നിര്‍ദേശം ലംഘിച്ചതിന് ജോലി നഷ്ടമായ ഫ്രഞ്ചുകാരിയായ ഐ ടി കണ്‍സള്‍ട്ടന്റുമാണ് പരാതിക്കാര്‍. ഉപഭോക്താക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതെന്ന് കമ്പനി അധികൃതര്‍ വാദിച്ചു. എന്നാല്‍, രാഷ്ട്രീയവും താത്വികവും മതപരവുമായ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനം വിലക്കിയാല്‍, അതില്‍
വിവേചനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ജോലിസ്ഥലത്ത് ഉടമസ്ഥന്‍ നടപ്പാകുന്ന തീരുമാനങ്ങളില്‍ വിവേചനപരമായെന്തെങ്കിലും ഉണ്ടെന്ന് കരുതാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മതപരവും താത്വികവും രാഷ്ട്രീയവുമായ ചിഹ്നങ്ങള്‍ വിലക്കുന്നതില്‍ വിവേചനമില്ലെന്നും കോടതി പ്രഖ്യാപിച്ചു. അതേസമയം, ഇടപാടുകാരുടെ ദുഷ്ചിന്തകള്‍ക്ക് കൂട്ടുനില്‍ക്കേണ്ട ബാധ്യത സ്ഥാപനങ്ങള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്പില്‍ മുസ്‌ലിം കുടിയേറ്റം വലിയ ചര്‍ച്ചയായി ഉയര്‍ന്നുവരികയും നെതര്‍ലാന്‍ഡ്‌സ് തിരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രചാരണ വിഷയമാകുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. കോടതി വിധി പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്പില്‍ നിരവധി സ്ത്രീകള്‍ തൊഴില്‍രഹിതരാകുമെന്ന് ഹിജാബിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂനിയന്‍ വിവേചനവിരുദ്ധ നിയമം അനുവദിക്കുന്ന തുല്യനിതീയെന്ന ഉറപ്പ് ഈ വിധിയോടെ അസാധുവാകുകയാണെന്ന് വിവിധ ജസ്റ്റിസ് ഫോറങ്ങള്‍ അഭിപ്രായപ്പെട്ടു. ദേശീയ നിയമങ്ങള്‍ അനുവദിച്ചിട്ടുള്ള മതപരമായ ഹിജാബ് വിലക്കുന്നത് യൂറോപ്യന്‍ യൂനിയനിലെ മിക്ക അംഗരാജ്യങ്ങളിലും വിവേചനമായാണ് കണക്കാക്കുന്നത്.