മായാവതിക്ക് പിറകേ വോട്ടിംഗ് യന്ത്രത്തിനെതിരെ കെജ്‌രിവാളും

Posted on: March 15, 2017 12:52 am | Last updated: March 15, 2017 at 12:49 am

ന്യൂഡല്‍ഹി: ബി എസ് പി മോധാവി മായാവതിക്ക് പിറകേ വോട്ടിംഗ് യന്ത്രത്തില്‍ സംശയം പ്രകടിപ്പിച്ച് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളും. ഡല്‍ഹിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. അതേസമയം, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഉത്തര്‍ പ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയാണ് ബി ജെ പി വിജയിച്ചതെന്ന് ബി എസ് പി നേതാവ് മായാവതി ആരോപണം ഉന്നയിച്ചിരുന്നു. ഏത് ചിഹ്നത്തില്‍ ബട്ടണമര്‍ത്തിയാലും താമരയില്‍ വോട്ട് പതിയുന്ന സ്ഥിതിയായിരുന്നുവെന്ന് ഫലം വന്ന ദിവസം തന്നെ അവര്‍ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കെജ്രിവാളും രംഗത്തെത്തിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന ആവശ്യം ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രത്തിനെതിരെ കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ നാല് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് അടുത്ത മാസമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന ആവശ്യവുമായി മുന്നോട്ട് പോകാന്‍ കെജ്‌രിവാളിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, പഞ്ചാബിലെ കോണ്‍ഗ്രസ് വിജയം വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാണെന്ന തരത്തില്‍ കെജ്‌രിവാള്‍ നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. തോല്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വാദമായി മാത്രമേ അതിനെ കാണാനാകൂ എന്നാണ് അദ്ദേഹം പറഞ്ഞത്.