മകന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണം: മുത്തുകൃഷ്ണന്റെ പിതാവ്

Posted on: March 15, 2017 7:45 am | Last updated: March 15, 2017 at 12:46 am
ജെ മുത്തുകൃഷ്ണന്റെ പിതാവ് ജീവനാഥന്‍ (മധ്യത്തില്‍) ന്യൂഡല്‍ഹിയിലെ എയിംസില്‍

ന്യൂഡല്‍ഹി: തന്റെ മകന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ജെ എന്‍ യുവില്‍ ജീവനൊടുക്കിയ ഗവേഷണ വിദ്യാര്‍ഥി ജെ മുത്തു കൃഷ്ണന്റെ പിതാവ് ജീവനാഥന്‍ ആവശ്യപ്പെട്ടു. തന്റെ മകന്റെത് കൊലപാതകമാണെന്നും അതിലേക്ക് നയിച്ച കാരണങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണ ഡല്‍ഹിയിലെ മുനിര്‍ക വിഹാറില്‍ തിങ്കളാഴ്ച വൈകീട്ടാണ് മുത്തു കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് 27കാരനായ മുത്തുകൃഷ്ണന്‍. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, സര്‍വകലാശാലയില്‍ നിന്നുള്ള വിവേചനമാണ് മുത്തുകൃഷ്ണന്റെ മരണത്തിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രോഹിത് വെമുലയുടെ പേരിലുള്ള വിദ്യാര്‍ഥി കൂട്ടായ്മയില്‍ മുത്തുകൃഷ്ണന്‍ സജീവമായിരുന്നു.
എം ഫില്‍- പി എച്ച് ഡി പ്രവേശനത്തില്‍ വിവേചനം കാണിക്കുന്നവെന്ന് ആരോപിക്കുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് സര്‍വകലാശലയില്‍ എം എ പൂര്‍ത്തിയാക്കിയാണ് കൃഷ്ണന്‍ ജെ എന്‍ യു വില്‍ എം ഫില്‍ കോഴ്‌സിന് ചേര്‍ന്നത്.
സര്‍വകലാശാല അധികൃതര്‍ എം ഫില്‍, പി എച്ച് ഡി പ്രവേശനത്തിന് തുല്യത നല്‍കുന്നില്ല, വൈവാ വോസിയിലും തുല്യത പാലിക്കുന്നില്ല, തുടങ്ങിയവ ചൂണ്ടിക്കാണിച്ചായിരുന്നു മുത്തുകൃഷ്ണയുടെ ഫേസ് ബുക്ക് പോസ്റ്റ്.