വീണ്ടുമൊരു മൂന്നാര്‍ ദൗത്യത്തിന് കാഹളം

Posted on: March 15, 2017 6:10 am | Last updated: March 15, 2017 at 12:12 am

മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യണമെന്ന് നിയമസഭാ ഉപസമിതി ശിപാര്‍ശ ചെയ്തിരിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്തു ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും അനധികൃത വാണിജ്യസ്ഥാപനങ്ങളുടെ നിര്‍മാണം നിര്‍ത്തണമെന്നും മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠനം നടത്താന്‍ നിയോഗിച്ച സമിതി തിങ്കളാഴ്ച നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആ പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്തു കൊണ്ടുള്ള മാര്‍ഗനിര്‍ദേശ രേഖയുണ്ടാക്കുക, ആറ് മാസത്തിനകം പാരിസ്ഥിതിക പരിപാലന വികസന അതോറിറ്റി രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കൊഴികെയുള്ള കെട്ടിടങ്ങളിലാണ് സമിതി നടപടിക്ക് ശിപാര്‍ശ ചെയ്തത്.
അനധികൃതമായി കൈയേറിയതും വ്യാജ പട്ടയങ്ങളിലൂടെ സ്വന്തമാക്കിയതുമായ ഭൂമിയിലാണ് മൂന്നാറിലെ കെട്ടിടങ്ങളില്‍ ഏറെയുമെന്ന് നേരത്തെ കണ്ടെത്തിയതാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുമുള്ള യത്‌നത്തിന് തുടക്കം കുറിച്ചതുമാണ്.

കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് 2007 മെയില്‍ നടന്ന ആ ഓപറേഷന്‍ നടത്തിയിരുന്നത്. മെയ് 13 മുതല്‍ ജൂണ്‍ ഏഴ് വരെയുള്ള 28 ദിവസത്തിനകം സംഘം 91 കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കുകയും 11,350 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഭരണമുന്നണിയിലെ സി പി ഐയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കാന്‍ ആരംഭിച്ചതോടെയാണ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്ന ഈ ഒഴിപ്പിക്കല്‍ യത്‌നം അവസാനിപ്പിക്കേണ്ടി വന്നത്. അവരുടെ കടുത്ത എതിര്‍പ്പിന് മുമ്പില്‍ വി എസ് സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന സമ്മര്‍ദ തന്ത്രങ്ങളും രാഷ്ട്രീയ നാടകങ്ങളും പിന്നീട് സുരേഷ് കുമാര്‍ തന്നെ വെളിപ്പെടുത്തിയതാണ്. അനധികൃത കൈയേറ്റക്കാര്‍ക്കെതിരെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറും പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അത് പ്രഹസനമായിരുന്നു. മൂന്നാറിലെത്തിയ സംഘം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ താത്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല, കൈയേറ്റക്കാര്‍ക്ക് കൂട്ടുനിന്നതായും ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. കൈയേറ്റവുമായി ബന്ധപ്പെട്ട് 150-പരം പരാതികള്‍ ലഭിച്ചിട്ടും ഒന്നില്‍ പോലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നു ദേവികുളം സബ്കലക്ടറും ചൂണ്ടിക്കാട്ടുകയുണ്ടായി.

വിനോദ സഞ്ചാര കേന്ദ്രവും പരിസ്ഥിതി ലോലപ്രദേശവുമായ മൂന്നാറില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തി രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഒത്താശയോടെ പലരും ഭൂമി കൈയേറി റിസോര്‍ട്ടുകളും വാണിജ്യ സ്ഥാപനങ്ങളും നിര്‍മിച്ചുവരികയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങളും ഉന്നത രാഷ്ട്രീയക്കാരുടെ ബന്ധുക്കളും സ്വന്തക്കാരുമെല്ലാമുണ്ട് കൈയേറ്റക്കാരില്‍. കണ്ണന്‍ ദേവന്‍ റിസര്‍വ് ഭൂമിയിലും പള്ളിവാസല്‍, ചിന്നക്കനാല്‍, മാങ്കുളം വില്ലേജുകളിലുമായി നിരവധി റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും രണ്ട് പതിറ്റാണ്ടിനിടയില്‍ ഉയര്‍ന്നു. കയറിക്കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാതെ ആയിരങ്ങള്‍ കടത്തിണ്ണകളിലും പ്ലാസ്റ്റിക് ഷെഡുകളിലുമായി ദുരിതജീവിതം നയിക്കുമ്പോഴാണ് ഉന്നതരുടെ അനധികൃത കൈയേറ്റങ്ങള്‍ നിര്‍ബാധം നടക്കുന്നത്. ഇത് തടയാന്‍ നിയമങ്ങളില്ലാത്തത് കൊണ്ടല്ല. നിയമത്തിന്റെ കാവലാളുകള്‍ തന്നെ ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ് എന്നതുകൊണ്ടാണ്.
വിനോദ സഞ്ചാര മേഖലക്ക് വന്‍മുതല്‍ക്കൂട്ടായ മൂന്നാര്‍ പ്രദേശത്തെ അനധികൃത കൈയേറ്റങ്ങള്‍ സംസ്ഥാനത്തിനും പരിസ്ഥിതിക്കും സൃഷ്ടിക്കുന്ന കനത്ത നഷ്ടവും ഗുരുതരമായ പ്രത്യാഘാതങ്ങളും മനസ്സിലാക്കി ജുഡീഷ്യറിയും ഭരണ നേതൃത്വവും അതിനെതിരെ സത്വര നടപടിയെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ നിശ്ചയദാര്‍ഢ്യതയും ഇച്ഛാശക്തിയും പ്രകടമാക്കിയെങ്കില്‍ മാത്രമേ മേഖലയെ നാശത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകൂ.

പ്രദേശത്തിന്റെ അവശേഷിക്കുന്ന പച്ചപ്പും പ്രകൃതി രമണീയതയും നിലനിര്‍ത്താന്‍ സഹായകമാണ് നിയമസഭാ സമിതിയുടെ ശിപാര്‍ശകള്‍. നിര്‍ദേശങ്ങള്‍ അപ്പടി നടപ്പാക്കുകയാണെങ്കില്‍ അഞ്ഞൂറിലധികം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം ഈ പ്രദേശത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള കൈയേറ്റങ്ങള്‍ ആരംഭിച്ച 1996 മുതല്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വാഭാവികമായും ഇക്കാര്യത്തില്‍ ഭരണപക്ഷത്ത് നിന്നുള്ളവരുടേതുള്‍പ്പെടെ കടുത്ത എതിര്‍പ്പുകളും ഭീഷണികളും സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരും. അതെല്ലാം അതിജീവിച്ചു റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജവം കാണിക്കുമോ? എങ്കില്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ഒഴിപ്പിക്കല്‍ ദൗത്യം ഉപേക്ഷിച്ചതിന് അതൊരു പ്രായശ്ചിത്തമാകും.