Connect with us

Gulf

പ്രവാസത്തിന്റെ 18 വര്‍ഷങ്ങള്‍; മുനീര്‍ ഇയ്യാട് മടങ്ങി

അല്‍ ഐന്‍: 18 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ടി പി മുനീര്‍ ഇയ്യാട് മടങ്ങി. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത ഇയ്യാട് സ്വദേശിയായ മുനീര്‍ 1998 ഡിസംബറിലാണ് അബുദാബി ഓയില്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മര്‍കസിന്റെ തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ ബാച്ചിലാണ് മുനീര്‍ അല്‍ ഐനിലെത്തിയത്. സെയില്‍സ് അറ്റന്‍ഡന്റ്, സിഫ്റ്റ് സൂപ്പര്‍വൈസര്‍, സൂപ്രണ്ട് തസ്തികകളില്‍ ജോലി ചെയ്താണ് മടക്കം. അല്‍ ഐനിലെ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്ത ഇദ്ദേഹം സംഘടനാ രംഗത്തും സാമൂഹിക സേവന രംഗത്തും തന്റേതായ ഇടം കണ്ടെത്തിയിരുന്നു. നല്ലൊരു സംഘാടകനും പ്രവര്‍ത്തകനുമായ മുനീര്‍ മര്‍കസ് അഡ്‌നോക് കൂട്ടായ്മയായ മാകിന്റെയും ഐ സി എഫ്, ആര്‍ എസ് സി പ്രാദേശിക ഘടകങ്ങളിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിലവില്‍ നരിക്കുനി ബൈത്തുല്‍ഇസ്സ അല്‍ ഐന്‍ കമ്മിറ്റി സെക്രട്ടറി, മര്‍കസ് അല്‍ ഐന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സുന്നി പ്രാസ്ഥാനിക രംഗത്തെ നേതാക്കളുമായുള്ള ബന്ധം മറക്കാന്‍ കഴിയാത്തതാണെന്ന് മുനീര്‍ പറഞ്ഞു. ഭാര്യ: നരിക്കുനി പാറന്നൂര്‍ സ്വദേശി ജില്‍സാന. ഫാത്വിമ നജ, മുഹമ്മദ് മിസ്ഹബ്, ഫാത്വിമ ഷസ എന്നിവര്‍ മക്കളാണ്.