മിഷേലിന്റെ മരണത്തില്‍ നിരപരാധിയെന്ന് ക്രോണിന്‍

Posted on: March 14, 2017 8:02 pm | Last updated: March 14, 2017 at 9:03 pm

കൊച്ചി: കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി തനിക്കു ബന്ധമില്ലെന്ന് കേസില്‍ അറസ്റ്റിലായ ക്രോണിന്‍. രണ്ടുവര്‍ഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നു. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ അവസാനമായി പറഞ്ഞത്. സാധാരണയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ മിഷേലുമായി ഉണ്ടായിരുന്നുള്ളുവെന്നും ക്രോണിന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ക്രോണിന് ജാമ്യം നിഷേധിച്ചു. നിരപരാധിയാണെന്ന വാദം ക്രോണിന്‍ കോടതിയിലും ആവര്‍ത്തിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കാണാതായ ദിവസം വൈകിട്ട് മൂന്നേമുക്കാലോടെ ക്രോണിനുമായി സംസാരിച്ച ശേഷം ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ രാത്രി ഏഴരയോടെ ജീവനൊടുക്കിയെന്ന നിഗമനമാണ് പൊലീസിനുള്ളത്. ക്രോണിന്‍ മാനസിക സമ്മര്‍ദത്തിലാക്കിയതാണ് കാരണമെന്നും പൊലീസ് വിശദീകരിക്കുന്നു.

എന്നാല്‍ ആറുമണിക്കു ശേഷം പള്ളിയില്‍ നിന്നിറങ്ങിയ മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് എങ്ങനെയെത്തിയെന്ന ചോദ്യത്തിനും ആത്മഹത്യയുടെ കാരണത്തിനും വ്യക്തമായ ഉത്തരം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.