ഖത്വറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

Posted on: March 14, 2017 8:16 pm | Last updated: March 14, 2017 at 8:16 pm

ദോഹ: വരും ദിവസങ്ങളില്‍ രാജ്യത്ത് നേരിയ തോതില്‍ മഴക്ക് സാധ്യത. അടുത്തയാഴ്ച ആദ്യം മഴ വര്‍ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് ചാറ്റല്‍മഴക്ക് സാധ്യതയുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷം ആകാശം മേഘാവൃതമായിരുന്നു. വൈകിട്ടും രാത്രിയും ദോഹയടക്കമുള്ളയിടങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായി.

ഈയാഴ്ച ഇടവിട്ട് ആകാശം മേഘാവൃതമാകും. നാളെ ചാറ്റല്‍ മഴ ദുര്‍ബലമാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വീണ്ടും ചാറ്റല്‍ മഴയെത്തും. ചില പ്രദേശങ്ങളില്‍ ഇടിമുഴക്കത്തിനും സാധ്യതയുണ്ട്. അടുത്തയാഴ്ച തുടക്കത്തില്‍ മഴക്ക് മികച്ച സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ മനസ്സിലാകുന്നത്. ഇന്നലെ ബത്‌നയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്; 33 ഡിഗ്രി. തുറയ്‌നയില്‍ 32 ഡിഗ്രിയും അല്‍ റയ്യാന്‍, കറാന എന്നിവിടങ്ങളില്‍ 31 ഡിഗ്രിയും ദോഹ വിമാനത്താവളത്തില്‍ 30 ഡിഗ്രിയും രേഖപ്പെടുത്തി. അല്‍ ഗുവൈരിയ്യയില്‍ കുറഞ്ഞ താപനിലയായ 17 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് പൊടിയുയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ട്വീറ്റ് ചെയ്തു. ഭാഗികമായി ആകാശം മേഘാവൃതമായിരിക്കും. ചാറ്റല്‍ മഴക്കും സാധ്യതയുണ്ട്. അബുസംറയില്‍ ഇന്ന് ഉയര്‍ന്ന താപനിലയായ 29 ഡിഗ്രി രേഖപ്പെടുത്തും. ഇവിടെ കുറഞ്ഞതാപനില 19 ഡിഗ്രിയായിരിക്കും. ദോഹയില്‍ പരമാവധി താപനില 28ഉം കുറഞ്ഞത് 22ഉം ഡിഗ്രിയായിരിക്കും. കടലില്‍ ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും തിരമാലകള്‍ ഉയരുന്നതിനും സാധ്യതയുണ്ട്.