Connect with us

International

മുസ്‌ലിംകള്‍ക്കെതിരെ നിയന്ത്രണം ശക്തമാക്കാന്‍ ചൈന ഒരുങ്ങുന്നു

Published

|

Last Updated

ബീജിംഗ്: തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടി മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ ചൈനീസ് ഭരണകൂടം. ബീജിംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ചയായത്. ചൈനീസ് സ്വത്വവും സംസ്‌കാരവും അപകടപ്പെടുത്തും വിധം തീവ്രവാദം രാജ്യത്ത് വ്യാപിക്കുന്നുണ്ടെന്നും അതുകൊണ്ട് ശക്തമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് നേതാക്കളും പറഞ്ഞു. പതിവിന് വിപരീതമായി പത്രപ്രവര്‍ത്തകര്‍ക്ക് യോഗത്തിലേക്ക് പ്രവേശനമുണ്ടായിരുന്നു.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാംഗ് പ്രവിശ്യയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശര്‍ഹേതി അഹാന്‍ ഇക്കാര്യം ശക്തമായി ഉന്നയിച്ചു. മുസ്‌ലിംകള്‍ക്ക് കാര്യമായി സ്വാധീനമുള്ള മറ്റൊരു പ്രവിശ്യയായ ഹൂയിയില്‍ നിന്നുള്ള നേതാവും തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഊന്നി സംസാരിച്ചു. നിംഗ്‌സിയ പ്രവിശ്യയില്‍ നിന്നെത്തിയ പാര്‍ട്ടി സെക്രട്ടറി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. ട്രംപിന്റെ നയം മുസ്‌ലിംവിരുദ്ധമാണോ അല്ലയോ എന്നുള്ളതല്ല. അത് തീവ്രവാദം അമേരിക്കന്‍ സംസ്‌കാരം തകര്‍ക്കുന്നതിനെതിരായ കരുതലാണെന്ന് അദ്ദേഹം പറഞ്ഞു. ഇസില്‍ അടക്കമുള്ള തീവ്രവാദികള്‍ സംഘര്‍ഷവും കൊലപാതകവുമാണ് നടത്തുന്നത്. അത്‌കൊണ്ടാണ് ട്രംപ് യാത്രാനിരോധനം കൊണ്ടു വരുന്നത്- സെക്രട്ടറി വിശദീകരിച്ചു.
ഉയ്ഗൂര്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന സിന്‍ജിയാംഗില്‍ ഇപ്പോള്‍ തന്നെ നിരീക്ഷണ സംവിധാനങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലായിട്ടുണ്ട്. ഇവിടെ പള്ളികളും മതപഠന സംവിധാനങ്ങളും ഏത് സമയവും നടപടികള്‍ നേരിടേണ്ട സ്ഥിതിയിലാണ്. സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റ് അടക്കമുള്ള പത്രങ്ങള്‍ മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ട് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ബീജിംഗ് യോഗത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ചൈനയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിംവിരുദ്ധ നിലപാടുകളുടെ ഭാഗമാണെന്ന് ഹോംഗ്‌കോംഗ് സര്‍വകലാശാലയിലെ ഇസ്‌ലാം വിദഗ്ധനായ മുഹമ്മദ് അല്‍ സുദൈരി പറഞ്ഞു.

 

---- facebook comment plugin here -----