ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Posted on: March 13, 2017 9:31 pm | Last updated: March 14, 2017 at 11:00 am

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാരന്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്നും വിദേശ കന്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് മൈക്കിള്‍ വര്‍ഗീസ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. തന്റെ ആരോപണങ്ങള്‍ക്കു ബലം നല്‍കാന്‍ ജേക്കബ് തോമസിനെതിരെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടും ഹാജരാക്കിയിരുന്നു. എന്നാല്‍ പരാതിയിലെ ആവശ്യങ്ങള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിരസിച്ചു.