Connect with us

Editorial

വോട്ടിംഗ് യന്ത്രത്തെ വിശ്വസിക്കണോ?

Published

|

Last Updated

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കൈവരിച്ച “ചരിത്ര വിജയ”ത്തില്‍ രാഷ്ട്രീയ വൃത്തങ്ങള്‍ അമ്പരന്നു നില്‍ക്കെ വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമമാണ് വിജയത്തിന് പിന്നിലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. മായാവതിയാണ് ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നാലെ അഖിലേഷ് യാദവും ലാലുപ്രസാദ് യാദവും നവാബ് മാലികും വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്തിടെ നടന്ന മഹാരാഷ്ട്ര തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സ്വന്തം വോട്ടും കുടുംബത്തിന്റെ വോട്ടും പോലും ലഭിക്കാതെ ശ്രീകാന്ത് ശീര്‍സാത് എന്ന സ്ഥാനാര്‍ഥി പൂജ്യം വോട്ട് നേടിയത് വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പിച്ചിച്ചിരുന്നു. ബി ജെ പിക്ക് മുന്നേറ്റമുണ്ടാക്കിയ ഈ തിരഞ്ഞെടുപ്പില്‍ തോറ്റ 700-ലേറെ സ്ഥാനാര്‍ഥികള്‍ മെഷീന്റെ വിശ്വാസ്യത അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി ജെ പിയായിരുന്നു. 2009ല്‍ പാര്‍ട്ടി നേതാവ് അദ്വാനിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പംഅട്ടിമറി നടത്താനും ഹാക്ക് ചെയ്യാനും കഴിയുന്ന ഒന്നാണെന്നായിരുന്നു അന്ന് ബി ജെ പി ഉയര്‍ത്തിയ ആരോപണം. കഴിഞ്ഞ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഈ പരാതി ഉന്നയിച്ചിരുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താനുള്ള സാധ്യത ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ വിലയിരുത്തി ലഖ്‌നോവിലെ ഇന്‍ക്വിലാബ് പത്രത്തിന്റെ എഡിറ്റര്‍ മുഹമ്മദ് ഖാലിദ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗാസിയാബാദ് സീറ്റായിരുന്നു രാജ്‌നാഥിന് പാര്‍ട്ടി ആദ്യം കണ്ടുവെച്ചിരുന്നത്. അവിടെ വിജയ സാധ്യത കുറവാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ ലഖ്‌നോ നല്‍കി. അവിടെയും സിംഗിന് വിജയ സാധ്യതയില്ലെന്നും അദ്ദേഹം തോല്‍ക്കുമെന്നുമായിരുന്നു പ്രചാരണ മേഖലയിലെയും വോട്ടിംഗ് വേളയില്‍ ബൂത്തുകളിലെയും പ്രവണതകള്‍ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഫലപ്രഖ്യാപനത്തന് മുമ്പ് ബി ജെ പിക്കും രാജ്‌നാഥ് സിംഗിന് തന്നെയും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. മാത്രമല്ല, തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്റെ പരാജയം സൂചിപ്പിക്കുന്ന ചില പരാമര്‍ശങ്ങളും നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിക്കുന്നതായിരുന്നു ഫലപ്രഖ്യാപനം. രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ലഖ്‌നോവില്‍ നിന്ന് സിംഗ് വിജയിച്ചുവെന്ന് മാത്രമല്ല, കെട്ടിവെച്ച തുക പോലും ലഭിക്കാത്ത വിധം ദയനീയമായിരുന്നു

എതിര്‍സ്ഥാനാര്‍ഥികളുടെയെല്ലാം തോല്‍വി. ഇതിന്റെ പിന്നില്‍ കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്ന് തന്നെയാണ് ലഖ്‌നോവിലെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്കൊപ്പം മുഹമ്മദ് ഖാലിദിന്റെയും വിശ്വാസം. ഈ തിരഞ്ഞെടുപ്പോടെ ലഖ്‌നോവിലെ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് മെഷീനിലുള്ള വിശ്വാസം നഷ്ടമാവുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ അന്‍സാരിക്കുണ്ടായ ഒരനുഭവം ഇതിന് ഉപോത്ബലകമായി മുഹമ്മദ് ഖാലിദ് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പില്‍ ഒരു ബി ജെ പി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനായി അന്‍സാരി ബട്ടനില്‍ അമര്‍ത്തിയപ്പോള്‍ ലൈറ്റ് തെളിഞ്ഞത് താമരക്കായിരുന്നു. അദ്ദേഹം ബൂത്ത് ഓഫീസര്‍ക്കും ജില്ലാ മജിട്രേറ്റിനും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.
വോട്ടിംഗ് മെഷീനിലെ കൃത്രിമം, പരാജയപ്പെട്ട സ്ഥാനാര്‍ഥികളുടെ കേവലം ആരോപണമല്ലെന്നും മെഷീന്‍ കൈകാര്യം ചെയ്യുന്നയാള്‍ ഉദ്ദേശിക്കുന്ന ഏത് സ്ഥാനാര്‍ഥിയെയും ജയിപ്പിക്കുന്ന തരത്തില്‍ അത് സെറ്റ് ചെയ്യാമെന്നുമാണ് ഐ ടി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ ഏതാനും സമയം കൃത്യമായി പ്രവര്‍ത്തിച്ചു മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ശേഷം പിന്നീട് മാറ്റം വരാകുന്ന തരത്തിലും സെറ്റ് ചെയ്യാം. ഇതനുസരിച്ചു ആദ്യത്തെ അമ്പതോ നൂറോ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തിയ ശേഷം പിന്നീടുള്ള മൂന്നോ അഞ്ചോ വോട്ടുകളില്‍ ഒരോന്ന് നിശ്ചിത സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്താനാകും. മാത്രമല്ല, മെഷീനില്‍ സമയ ക്രമീകരണത്തിലൂടെ വൈകീട്ട് അഞ്ച് മണിയോടെ കൃത്യമായ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവരുന്ന വിധം മെഷീന്‍ പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ സാധാരണ പരിശോധനയില്‍ കൃത്രിമം കണ്ടെത്താനാകുകയുമില്ലെന്നും ഐ ടി വിദഗ്ധര്‍ വ്യക്തമാക്കുകയുണ്ടായി.

നെതര്‍ലാന്റ്, ഇറ്റലി, ജര്‍മനി, വെനസ്വേല, മാസിഡോണിയ തുടങ്ങിയ പല രാജ്യങ്ങളും വ്യാപകമായ ക്രമക്കേടുകളും തിരിമറികളും കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് അത് ഉപേക്ഷിക്കുകയുണ്ടായി. ബ്രിട്ടനും ഫ്രാന്‍സും ഇവ ഉപയോഗിക്കുന്നില്ല. തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണമെന്ന് മാത്രമല്ല, അവ്വിധത്തിലാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യം വരികയും വേണമെന്നതാണ് വോട്ടിംഗ് മെഷീന്‍ നടപ്പാക്കിയ ശേഷം മേല്‍ രാഷ്ട്രങ്ങള്‍ അത് ഉപേക്ഷിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. ജനവിശ്വാസം ആര്‍ജിക്കാനുള്ള ഈ ധാര്‍മിക ബോധവും സദാചാര രാഷ്ട്രീയ കാഴ്ചപ്പാടും നമ്മുടെ ഭരണകര്‍ത്താക്കളും പ്രകടിപ്പിക്കേണ്ടതുണ്ട്.