മോദി മാജിക്കല്ല ഇത്; ഭരണവിരുദ്ധ വികാരം

പ്രധാനമന്ത്രിപദത്തിന്റെ ബഹുമാന്യത പോലും കളഞ്ഞുകൊണ്ടുള്ള പച്ചയായ വര്‍ഗീയ പ്രചാരണമാണ് മോദി യു പിയില്‍ നടത്തിയത്. മറ്റു ബി ജെ പി നേതാക്കള്‍ അതേറ്റു പിടിച്ചു. ബാബരി പള്ളി തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ ബി ജെ പി പ്രഖ്യാപിച്ചു. മുസ്‌ലിം സമുദായക്കാര്‍ ഖബറിസ്ഥാനു സ്ഥലം ഇല്ലെങ്കില്‍ ഹിന്ദു ആചാരപ്രകാരം മൃതശരീരം ദഹിപ്പിച്ചു കളയണമെന്നു പ്രസംഗിച്ചത്, ബി ജെ പി എം പി യോഗി ആദിത്യ നാഥായിരുന്നു. തുടര്‍ന്ന് എല്ലാ ബി ജെ പി നേതാക്കളും അതേറ്റു പിടിച്ചു. സാക്ഷി മഹാരാജും ആദിത്യനാഥും പോലുള്ള വിഷം ചീറ്റുന്ന വര്‍ഗീയ വാദികളായിരുന്നു യു പിയിലെ ബി ജെ പിയുടെ താര പ്രചാരകര്‍.
Posted on: March 13, 2017 6:38 am | Last updated: March 13, 2017 at 7:48 pm

ഇന്ത്യയുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ (ഒന്‍പത് ഘട്ടങ്ങളിലായി, അഞ്ച് ആഴ്ച) പൊതുതിരഞ്ഞെടുപ്പാണ് യു പി, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലായി അരങ്ങേറിയത്. എല്ലായിടത്തും നിലനിന്നിരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള വികാരം പ്രകടമാക്കി കൊണ്ടുള്ള ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറും പഞ്ചാബിലെ അകാലി- ബി ജെ പി സര്‍ക്കാറും ഭരണത്തില്‍ നിന്നു തൂത്തെറിയപ്പെട്ടു. ഗോവയില്‍ ബി ജെ പിക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍, ഇന്ത്യയിലെ ഏറ്റവും വലിയതും ജനസംഖ്യയേറിയതുമായ സംസ്ഥാനമായ യു പിയില്‍ ഭരണകക്ഷിയായിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ കോണ്‍ഗ്രസുമായുള്ള സഖ്യം, എസ് പി യുടെ പരമ്പരാഗത വോട്ടു ബാങ്കുകളായ ന്യൂനപക്ഷങ്ങള്‍ പോലും അംഗീകരിച്ചതായി തോന്നുന്നില്ല.
ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍, കോണ്‍ഗ്രസിന്റെ യു പിയിലെ അവസാന മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാല്‍ പോലും ഇന്ന് ബി ജെ പി ലോക്‌സഭാംഗമായിരിക്കുന്ന കാഴ്ച, മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ഥതയില്ലായ്മയെ ജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നതാണ്. ഉത്തരാഖണ്ഡിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക് കൂടുമാറിയത് വെളിവാക്കുന്നതും മറ്റൊന്നല്ല. കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങള്‍ ജനങ്ങളെ തള്ളിയിട്ട ദുരിതക്കയങ്ങളാണ്, 2014 പൊതുതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ബി ജെ പിയെ അധികാരത്തില്‍ എത്തിച്ചത്. കടുത്ത വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ക്യാമ്പയിന്‍ 2014ല്‍ എന്ന പോലെ തന്നെ ഇത്തവണയും ബി ജെ പിയെ പിന്തുണച്ചു എന്നത് സുവ്യക്തം.

പ്രധാനമന്ത്രി പദത്തിന്റെ ബഹുമാന്യത പോലും കളഞ്ഞുകൊണ്ടുള്ള പച്ചയായ വര്‍ഗീയ പ്രചരണമാണ് മോദി യു പിയില്‍ നടത്തിയത്. അമിത് ഷാ അടക്കമുള്ള മറ്റു ബി ജെ പി നേതാക്കള്‍ അതേറ്റു പിടിച്ചു. ബാബരി പള്ളി തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ ബി ജെ പി പ്രഖ്യാപിച്ചു. മുസ്‌ലിം സമുദായക്കാര്‍ ഖബറിസ്ഥാനു സ്ഥലം ഇല്ലെങ്കില്‍ ഹിന്ദു ആചാരപ്രകാരം മൃതശരീരം ദഹിപ്പിച്ചു കളയണമെന്നു പ്രസംഗിച്ചത്, ബി ജെ പി എം പി യോഗി ആദിത്യ നാഥായിരുന്നു. തുടര്‍ന്ന് എല്ലാ ബി ജെ പി നേതാക്കളും അതേറ്റു പിടിച്ചു. സാക്ഷി മഹാരാജും അദിത്യനാഥും പോലുള്ള വിഷം ചീറ്റുന്ന വര്‍ഗീയ വാദികളായിരുന്നു യു പിയിലെ ബി ജെ പിയുടെ താര പ്രചാരകര്‍.
ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതിക്കകത്തും ബദല്‍ നയം ഉയര്‍ത്താതെ നവ ലിബറല്‍ നയങ്ങള്‍ പിന്തുടര്‍ന്ന സംസ്ഥാന സര്‍ക്കാറുകള്‍ പരാജയം ഏറ്റുവാങ്ങിയ കാഴ്ചയാണ് ഈ തിരെഞ്ഞടുപ്പ് നല്‍കുന്നത്.

മോദി മാജിക്കോ, നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണമായി സ്വീകരിച്ചു എന്ന വാദം തീര്‍ത്തും ബാലിശമാണ്. അങ്ങനെയെങ്കില്‍ പഞ്ചാബിലും ഗോവയിലും ബി ജെ പി സഖ്യം അധികാരം നില നിര്‍ത്തുമായിരുന്നു. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും മറ്റും ചര്‍ച്ചാ വിഷയമാകുന്നതിനു പകരം ശ്മശാനവും ഖബറിസ്ഥാനുമൊക്കെ തിരഞ്ഞെടുപ്പ് അജന്‍ഡകളുടെ മുഖ്യസ്ഥാനത്തു വരുന്ന അതി ഭീതിതമായ അവസ്ഥ ഒഴിവാക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മതേതരത്വം കാത്തു സംരക്ഷിക്കാനുള്ള പോരാട്ടങ്ങളെ നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളുമായി കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു ബദല്‍ രാഷ്ട്രീയത്തിനേ രാജ്യത്തിന്റെ ഭാവിയെ സുരക്ഷിതമാക്കാന്‍ സാധിക്കുകയുള്ളു. അത്തരമൊരു വിശ്വസിനീയമായ ബദലിന്റെ അഭാവം യു പിയിലെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി ചൂണ്ടി കാണിക്കുന്നുണ്ട്.
പ്രത്യേകിച്ചും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 42.3 ശതമാനം വോട്ടില്‍ നിന്നും മൂന്ന് ശതമാനം കുറവാണ് ബി ജെ പിക്ക് ഇത്തവണ ലഭിച്ച വോട്ട്. അതായത് 2014ല്‍ ബി ജെ പിക്ക് വോട്ട് ചെയ്ത നൂറില്‍ നാല് പേര്‍ ഇത്തവണ അവര്‍ക്ക് വോട്ട് നല്‍കിയില്ല. യു പിയിലെ തിരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി ഇടതു പക്ഷത്തിനു ഇനി പ്രസക്തിയില്ല എന്നു വാദിക്കുന്നവര്‍ ഓര്‍ക്കേണ്ടത്, മുസഫര്‍ നഗറിലെ കലാപഭൂമിയേയാണ്. സി പി എമ്മിന്റെ സ്വാധീനം ശക്തമായിരുന്ന സമയത്ത് ഒരു വര്‍ഗീയ കനലും ആളി കത്തിക്കാതെ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ച പ്രദേശമായിരുന്നു അത്.

പുരോഗമന ജനാധിപത്യ ബദലുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയല്ല മറിച്ച് അവയുടെ ശാക്തീകരണത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ് ചെയ്യുന്നത് എന്നതാണ് ഈ ഫലങ്ങളെ ആദ്യ നോട്ടത്തിലൂടെ വിലയിരുത്താനാകുന്നത്.
(ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍)