Connect with us

National

മനോഹര്‍ പരീക്കര്‍ രാജിവെച്ചു; ഗോവ മുഖ്യമന്ത്രിയായി നാളെ ചുമതലയേല്‍ക്കും

Published

|

Last Updated

പനജി: ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അദ്ദേഹം രാജിക്കത്ത് കെെമാറി. നാളെ മുഖ്യമന്ത്രിയായി പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തിരക്കിട്ട് ചടങ്ങുകള്‍ നിശ്ചയിച്ചത്.

40 അംഗ മന്ത്രിസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 21 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത പരീക്കര്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഗോവയില്‍ ബിജെപിക്ക് 13ഉം കോണ്‍ഗ്രസിന് 17ഉം സീറ്റുകളാണ് ലഭിച്ചത്. മൂന്നു സീറ്റുകള്‍ വീതമുള്ള എംജിപിക്കും ജിഎഫ്പിക്കും പുറമെ രണ്ടു സ്വതന്ത്ര എംഎല്‍എമാരും പിന്തുണ നല്‍കിയതോടെയാണ് ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം ഒരുങ്ങിയത്.

2014ല്‍ ഗോവ മുഖ്യമന്ത്രിയായിരിക്കെ സ്ഥാനം രാജിവെച്ചാണ് പരീക്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായത്. തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി പദം വഹിച്ചിരുന്ന ലക്ഷ്മി കാന്ത് പര്‍സേക്കര്‍ ഇത്തവണ പരാജയപ്പെട്ടതോടെ പരീക്കറിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു. മുഖ്യമന്ത്രിയാകുന്നതോടെ പരീക്കര്‍ ആറ് മാസത്തിനുള്ളില്‍ ഗോവയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിച്ച് വിജയിക്കണം.

Latest