Connect with us

Articles

ജനങ്ങളെ ആര് പഠിപ്പിക്കും?

Published

|

Last Updated

തിരഞ്ഞെടുപ്പുകള്‍ ചില വിസ്മയങ്ങള്‍ക്കു കാരണമാകും. വിസ്മയങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണമുണ്ടാവില്ല. മുസ്‌ലിംകള്‍ക്ക് നിര്‍ണായകമായ സ്വാധീനമുള്ള ഉത്തര്‍ പ്രദേശില്‍ ഒരു മുസ്‌ലിമിനെപ്പോലും സ്ഥാനാര്‍ഥിയാക്കാതെ ബി ജെ പി നാലില്‍ മൂന്ന് സീറ്റുകള്‍ നേടിയെന്നത് ഒരു വിസ്മയം. മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ച സമാരാധ്യയായ ഇറോം ശര്‍മിളക്ക് തിരഞ്ഞെടുപ്പില്‍ അപമാനകരമായ പരാജയമാണുണ്ടായത്. യുദ്ധം ജയിച്ച ചര്‍ച്ചിലിനെ ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതിന് വിശദീകരണമില്ല. ചില വിജയങ്ങള്‍ക്കും വിശദീകരണമുണ്ടാവില്ല.
403ല്‍ 324 ചെറിയ സംഖ്യയല്ല. അതിനേക്കാള്‍ അത്ഭുതം യു പിയില്‍ കോണ്‍ഗ്രസിന്റെ മഹിമ ഏഴ് സീറ്റിലേക്ക് ചുരുങ്ങിയെന്നതാണ്. അഖിലേഷിന് തുണയാകാതെ പോയ കൂട്ടില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ഒരു പക്ഷേ സീറോയിലേക്ക് ചുരുങ്ങുമായിരുന്നു. അങ്ങനെയും ചില നിലപാടുകള്‍ സ്വീകരിക്കാന്‍ യു പി വോട്ടര്‍മാര്‍ (ഉത്തരാഖണ്ഡ് ഉള്‍പ്പെടെ) പ്രാപ്തരാണെന്ന് 1977ല്‍ തെളിയിച്ചതാണ്.

2019ലേക്കുള്ള യാത്രയില്‍ ആലോചനക്കുള്ള ഇടത്താവളമാണ് ഈ അഞ്ച് തിരഞ്ഞെടുപ്പുകള്‍. അഞ്ചിടത്തും ഭരണവിരുദ്ധ വികാരമുണ്ടായി. പഞ്ചാബില്‍ അത് കോണ്‍ഗ്രസിനും ഉത്തര്‍ പ്രദേശില്‍ അത് ബിജെ പിക്കും പ്രയോജനപ്പെട്ടു. ലഹരി മാഫിയയുടെ പിടിയിലമര്‍ന്ന പഞ്ചാബില്‍ ഒരു ഉഡ്ത വികാരമുണ്ടായത് സ്വാഭാവികമാണ്. യു പിയില്‍ അഖിലേഷ് പരാജയപ്പെട്ട നേതാവാണ്. രണ്ട് പരാജിതര്‍ ഒരുമിച്ചാല്‍ വിജയിക്കണമെന്നില്ല. രാഷ്ട്രീയമായ പിതൃഹത്യ നടത്തിയ അഖിലേഷിനെ ജനം നിരാകരിച്ചപ്പോള്‍ കുടുംബവാഴ്ചക്കേറ്റ ആഘാതം കൂടിയായി അത്. പീഡിതര്‍ക്ക് പീഡകര്‍ക്കൊപ്പം നില്‍ക്കേണ്ട ദുരവസ്ഥയുണ്ടായി. ഒരു തരം സ്‌റ്റോക്‌ഹോം സിന്‍ഡ്രം. മര്‍ദകരുമായി മര്‍ദിതര്‍ ഐക്യപ്പെടുന്ന അവസ്ഥ.

തിരഞ്ഞെടുപ്പുകള്‍ എപ്പോഴും ഹിതപരിശോധനയാവില്ല. നോട്ട് പിന്‍വലിച്ച നടപടിക്കുള്ള അംഗീകാരമായി ബി ജെ പി തിരഞ്ഞെടുപ്പ് വിജയത്തെ കണ്ടാല്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതാണ് വിഷയമെങ്കില്‍ പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും വ്യത്യസ്തമായ ചിന്തയുണ്ടായതെങ്ങനെയെന്ന ചോദ്യമുണ്ടാകും. കറന്‍സി കൈകാര്യം ചെയ്യുന്ന ജനങ്ങളാണ് പഞ്ചാബിലും ഗോവയിലുമുള്ളത്. അഞ്ഞൂറും ആയിരവും നോട്ടുകള്‍ കൈകാര്യം ചെയ്യാത്തവരാണ് ഉണക്കിയ ചാണകവും ചുള്ളിക്കെട്ടുമായി കഴിയുന്ന യു പിയിലെ ഗ്രാമീണര്‍. അവരുടെ പ്രശ്‌നങ്ങളും വിഷയങ്ങളും വ്യത്യസ്തമായിരുന്നു. അവയെ അടിസ്ഥാനമാക്കി അവര്‍ നിലപാടെടുത്തു. തീരുമാനം തെറ്റായിരിക്കാം. പക്ഷേ അതിന്റെ മൂല്യം കുറയുന്നില്ല. ജനാധിപത്യത്തില്‍ അധിപര്‍ ജനങ്ങള്‍ തന്നെയാണ്. അവരുടെ തീരുമാനം അന്തിമമാണ്.
നല്ല തീരുമാനം എടുക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ജനാധിപത്യം ജനങ്ങള്‍ക്കു മാത്രമായി വിട്ടുകൊടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ ആരവം തെറ്റായ തീരുമാനങ്ങള്‍ക്ക് കാരണമാകും. ജനങ്ങളെ ബോധവത്കരിക്കുന്നതിനും ശരിയായ വഴിയേ നയിക്കുന്നതിനും പ്രാപ്തിയുള്ള നേതൃത്വം ഉയര്‍ന്നു വരണം. അത് സാധ്യമാകാത്ത രീതിയില്‍ കോണ്‍ഗ്രസ് തളര്‍ന്നു. തളര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് ദൂരം അധികമില്ല. 2004ല്‍ത്തന്നെ കോണ്‍ഗ്രസിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നു. പത്ത് വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ന് കാരണക്കാരായത് ഇടതുപക്ഷമായിരുന്നു. 64 എം പിമാരുടെ നിരുപാധികമായ പിന്തുണ നിസ്സാരമായിരുന്നില്ല. എന്നാല്‍ അധികാരത്തില്‍ അഹങ്കരിക്കുകയും അഴിമതിയില്‍ ഭ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് പിന്നീട് ആ പിന്തുണയെ നിസ്സാരമായി കാണുകയും ഇടതുപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ കാലം കഴിയുകയും രാഹുല്‍ ഗാന്ധിക്ക് കാലമെത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ കോണ്‍ഗ്രസിന്റെ യാത്ര തമോഗര്‍ത്തത്തിലേക്കാണ്.

കുടുംബ വാഴ്‌യില്‍ നിന്നും പിന്തുടര്‍ച്ചയെന്ന പാരമ്പര്യത്തില്‍ നിന്നും വിമുക്തമാകാതെ കോണ്‍ഗ്രസിന് ഭാവിയില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ച മതനിരപേക്ഷരാഷ്ട്രീയത്തിന് വരുത്തുന്ന നഷ്ടം ലഘുവല്ല. എന്നാല്‍ ആ ദുരന്തം തിരിച്ചറിയുന്നതിനുള്ള ദൃഷ്ടി ആ പാര്‍ട്ടിക്ക് നഷ്ടമായി. മുതിര്‍ന്ന നേതാക്കളുടെ കൊഴിയല്‍ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്. റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിട്ട് ബിജെ പിയിലെത്തി എം എല്‍ എയായി. എസ് എം കൃഷ്ണ എന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവ് ഇതഃപര്യന്തമുള്ള നേട്ടങ്ങളില്‍ സംതൃപ്തിയില്ലാതെ ബി ജെ പിയുടെ കൂടാര വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു. മുങ്ങുന്ന കപ്പലിനെക്കുറിച്ചും ആസന്നമായ ഭൂകമ്പത്തെക്കുറിച്ചും ചില ജീവികള്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. ഈ അപകടം ഒഴിവാക്കാന്‍ പ്രാപ്തിയുള്ള നേതൃത്വം കോണ്‍ഗ്രസിന് ഉണ്ടാകുന്നില്ല.

ബി ജെ പിയുടെ കരുതലോടെയുള്ള കരുനീക്കങ്ങളില്‍ പലരുടെയും അടിപതറും. പ്രാദേശിക കക്ഷികളില്‍ മിക്കവയും ഒരിക്കലെങ്കിലും ബി ജെ പിയുമായി അധികാരം പങ്കുവെച്ചിട്ടുള്ളവരാണ്. വേറെ വഴിയില്ലെങ്കില്‍ അവര്‍ ഇനിയും അതിന് തയ്യാറാകും. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡയില്‍ ആകൃഷ്ടരാകുന്ന ഒരു തലമുറ വേറെയുമുണ്ട്. മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ അവര്‍ക്ക് ദുര്‍ഗ്രഹമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് റിപ്പബ്‌ളിക്കുകള്‍ തകരുന്നത്. ദേശീയപതാകയിലോ ദേശീയഗാനത്തിലോ കൊട്ടിഘോഷിക്കപ്പെടുന്ന ദേശസ്‌നേഹത്തിലോ അല്ല റിപ്പബ്ലിക്കിന്റെ അസ്തിവാരം ഉറപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. പഠിപ്പിക്കുന്നതാര് എന്നതാണ് ചോദ്യം.

കോര്‍പറേറ്റ് സംവിധാനത്തിലുള്ള വമ്പിച്ച പ്രചാരണകോലാഹലത്തില്‍ തെറ്റുകള്‍ തമസ്‌കരിക്കപ്പെടുകയും പ്രതിച്ഛായകള്‍ മെച്ചപ്പെടുകയും ചെയ്യുന്നു. പരമ്പരാഗതമായ തന്ത്രങ്ങളില്‍ മാത്രമല്ല നവമാധ്യമങ്ങളുടെ ഉപയോഗത്തിലും ഫാസിസ്റ്റ് ശക്തികള്‍ മുന്നിലാണ്. സത്യം ചെരുപ്പിടുന്ന നേരത്ത് അസത്യം ഭൂമിയെ ഒരുവട്ടം ചുറ്റിയിരിക്കും എന്നു പറയുന്നത് വളരെ ശരിയാണ്. ആരിത് തടുക്കും എന്നതാണ് ചോദ്യം. പാര്‍ലിമെന്ററി സമ്പ്രദായത്തില്‍ നിന്നു മാറി അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ രീതി ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. പാര്‍ലിമെന്റിനെ അസൗകര്യമായി കാണുന്ന പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കു മാറാതെ അതാകാം എന്ന അവസ്ഥയായിരിക്കുന്നു. 2019ല്‍ നരേന്ദ്ര മോദിയെ എതിരിടാന്‍ പ്രാപ്തിയും ദേശവ്യാപകമായ സ്വീകാര്യതയുമുള്ള ആള്‍ ആരെന്ന ചോദ്യം ഇപ്പോഴേ ചോദിക്കേണ്ടിയിരിക്കുന്നു.

ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയാണ്. അഖിലേഷുമായി സഖ്യമായപ്പോള്‍ ഷീല സ്ഥലം വിട്ടു. ബി ജെ പിക്ക് മുഖ്യമന്ത്രിയായി ആരുടെയും പേര് പറയാനുണ്ടായിരുന്നില്ല. നരേന്ദ്ര മോദി സ്വന്തം പേരിലാണ് ഉത്തര്‍ പ്രദേശില്‍ വോട്ട് ചോദിച്ചത്. ജനങ്ങള്‍ നരേന്ദ്ര മോദിക്ക് വോട്ട് നല്‍കി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലും നരേന്ദ്ര മോദിയായിരിക്കും ബിജെ പിയുടെ സ്ഥാനാര്‍ഥി. എതിര്‍ സ്ഥാനാര്‍ഥിയാര്? അമേഠിയില്‍പോലും കാലുറയ്ക്കാത്ത രാഹുല്‍ ഗാന്ധിക്കോ ഇനിയും അരങ്ങിലെത്തിയിട്ടില്ലാത്ത പ്രിയങ്ക വാദ്രക്കോ അതിനു കഴിയില്ല. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്ക് ഈ വിഷയത്തില്‍ സമര്‍ഥമായ നേതൃത്വം നല്‍കാന്‍ കഴിയണം.
മതന്യൂനപക്ഷങ്ങള്‍ ഉത്തരവാദിത്വത്തോടെ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കണമെന്ന സന്ദേശം ഉത്തര്‍ പ്രദേശ് നല്‍കുന്നു. പങ്കാളിത്ത ജനാധിപത്യത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാകണം. അടിസ്ഥാനപരമായ ഈ തത്വം വിജയകരമായി വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. വിജയം എല്ലാ അത്യാചാരങ്ങള്‍ക്കും ന്യായീകരണമാകുമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ സ്വയം തീര്‍ത്ത ചതിക്കുഴികളിലാണ് അകപ്പെട്ടിരിക്കുന്നത്. വിജയത്തിന്റെ പേരിലാണ് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഉന്‍മത്തനാകുന്നത്. ട്രംപിന്റെ ഇന്ത്യന്‍ പതിപ്പാണ് നരേന്ദ്ര മോദി. അതിനുള്ള ചേരുവയാണ് യു പി വോട്ടര്‍മാര്‍ ഒരുക്കിക്കൊടുത്തത്. 2017ല്‍ അവര്‍ക്ക് മറ്റൊരു വഴിയില്ലായിരുന്നു. 2019ല്‍ നിര്‍ബന്ധമായും സാധ്യമായ ഓപ്ഷന്‍ അവര്‍ക്ക് മുന്നില്‍ ഉണ്ടാകണം.

Latest