Connect with us

Gulf

ഒപെകിന് ഐക്യദാര്‍ഢ്യം; യു എ ഇ എണ്ണ ഉല്‍പാദനം കുറക്കും

Published

|

Last Updated

അബുദാബി: എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യു എ ഇ എണ്ണ ഉല്‍പാദനം കുറക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനം 139,000 ലധികം വീപ്പ (ബാരല്‍) എണ്ണ ഉല്‍പാദനം കുറക്കാന്‍ യു എ ഇ തീരുമാനിച്ചിട്ടുണ്ട്.
ഒപെകിന്റെ തീരുമാനത്തോടുള്ള പ്രതിബദ്ധതയും പൂര്‍ണമായുള്ള സഹകരണവും ഉറപ്പ് വരുത്തുന്നതിനാണ് ഗള്‍ഫ് ഒപെക് അംഗമായ യു എ ഇ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒപെകിന്റെ തീരുമാനങ്ങളില്‍ പൂര്‍ണമായും യു എ ഇ സഹകരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഒപെക് കരാറിന് കീഴില്‍ യുഎഇ 2,874 ദശലക്ഷം ബാരലാണ് ഉല്‍പാദനം, ജനുവരിയില്‍ 3.06 ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിച്ചതായി ഒപെക് അറിയിച്ചു. റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം 2.98 ദശലക്ഷം ബാരലാണ് ഉല്‍പാദനത്തിന്റെ ഔട്ട്പുട്ട് കണക്കാക്കുന്നത്. ഉല്‍പാദനം കുറച്ചു വിപണി കണ്ടെത്തുവാനാണ് ഒപെക് ഒരുങ്ങുന്നത്.
എണ്ണവിലയിടിവ് പിടിച്ചുനിര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായി ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള വാഗ്ദാനം ഒപെക് രാജ്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയതായി കുവൈത്ത് എണ്ണകാര്യമന്ത്രി ഇസാം അല്‍ മര്‍സൂഖ് അറിയിച്ചു. വാഗ്ദാനത്തിലും കവിഞ്ഞ തോതിലായിരുന്നു ഫെബ്രുവരിയിലെ വെട്ടിക്കുറക്കലെന്ന് അദ്ദേഹം പറഞ്ഞു.
നിശ്ചിത തോതിലും കൂടുതലായി വെട്ടിക്കുറക്കാന്‍ സഊദി തയ്യാറായതാണ് കാരണം. അതേസമയം ഒപെക് ഇതര രാജ്യങ്ങള്‍ വാഗ്ദാനത്തിന്റെ 5060 ശതമാനം മാത്രം ഉല്‍പാദനമാണ് കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗമാണ് തീരുമാനിച്ചത്.

ജനുവരി മുതല്‍ പ്രാവര്‍ത്തികമാക്കാനായിരുന്നു തീരുമാനം.
ഒപെക് 12 ലക്ഷം വീപ്പ എണ്ണയുല്‍പാദനം കുറക്കാനായിരുന്നു നിശ്ചയിച്ചത്. സഊദി നിശ്ചയിച്ചതിലും കൂടുതല്‍ വെട്ടിക്കുറച്ചതോടെ ഫെബ്രുവരിയില്‍ ഒപെക് ലക്ഷ്യം പരിധിയും കടന്നു. എന്നാല്‍ ഒപെക് ഇതര രാജ്യങ്ങളില്‍ റഷ്യ മൂന്നുലക്ഷവും മറ്റുരാജ്യങ്ങള്‍ 55, 8000 വീപ്പയുമാണ് കുറക്കേണ്ടത്. അതില്‍ പകുതിയോളം മാത്രമാണ് പ്രാവര്‍ത്തികമാക്കിയത്. വാഗ്ദാനം നടപ്പാക്കിയത് സംബന്ധിച്ച വിലയിരുത്തലിനായി ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ മന്ത്രിതല യോഗം 26ന് കുവൈത്തില്‍ ചേരും.

 

Latest