ചരിത്ര വിജയത്തില്‍ മെസിക്കൊരു പങ്കുമില്ല !

Posted on: March 11, 2017 9:15 am | Last updated: March 11, 2017 at 9:15 am

പാരിസ്: പി എസ് ജിക്കെതിരെ ബാഴ്‌സലോണ ചരിത്ര വിജയം നേടിയ മത്സരത്തില്‍ മെസിയുടെ പ്രകടനം ദയനീയമായിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് കോച്ച് റെയ്മന്‍ഡ് ഡൊമിനികെയുടെ വിമര്‍ശം. ബാഴ്‌സ നിരയിലെ ഏറ്റവും മോശം പ്ലെയര്‍ മെസിയാണെന്ന് പറയാം. നെയ്മറും സുവാരസുമാണ് ബാഴ്‌സക്ക് ഊര്‍ജം പകര്‍ന്നത്. നാല് ഗോളുകള്‍ക്ക് പിറകില്‍ നില്‍ക്കുമ്പോള്‍ മെസി ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു.
പന്ത് പിടിച്ചെടുത്തും പാസിംഗ് നല്‍കിയും ഓടിക്കളിക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നു അത്.

എന്നാല്‍ നിരാശനായി നില്‍ക്കുകയായിരുന്നു മെസി. ടീമിനെ ഒന്നടങ്കം സ്വാധീനിക്കാന്‍ പോന്ന സൂപ്പര്‍ താരം നിരാശനായി മാറിയത് അത്ഭുതപ്പെടുത്തി. നെയ്മര്‍ പക്ഷേ ആത്മവിശ്വാസത്തോടെ പൊരുതി. അവസാന സെക്കന്‍ഡ് വരെ നെയ്മര്‍ അറ്റാക്ക് ചെയ്തു. സുവാരസും അതു പോലെ തന്നെ. പലപ്പോഴും സുവാരസ് പോലെയായിരുന്നു- ഡൊമിനികെ പറഞ്ഞു.

അഞ്ച് തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ മെസി നടപ്പ് സീസണിലും ഗോളടിയില്‍ മുന്നിലാണ്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 38 മത്സരങ്ങളില്‍ 39 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. വിമര്‍ശകരുടെ വായടപ്പിച്ച് മെസി തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ ആരാധകവൃന്ദം.