Connect with us

Editorial

ശിരോവസ്ത്രം ആര്‍ക്കാണ് അരോചകം?

Published

|

Last Updated

മുസ്‌ലിംകളുടെ അസ്തിത്വത്തിനും സംസ്‌കാരത്തിനും നേരെയുള്ള കടന്നാക്രമണം ശക്തിപ്രാപിച്ചു വരികയാണ്. ഇസ്‌ലാമിക വേഷത്തിനും താടിക്കും മറ്റും രാജ്യത്തെ കലാലയങ്ങളിലും തൊഴില്‍ സ്ഥാപനങ്ങളിലും വിലക്കുണ്ട്. പര്‍ദയും മഫ്തയും ധരിച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനവും താടി വെച്ചതിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ജോലിയും നിഷേധിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഒരു മുസ്‌ലിമിന് മുറി വാടകക്ക് കിട്ടണമെങ്കില്‍ പേര് മാറ്റിപ്പറയണമെന്നതാണ് അവസ്ഥ. ഇപ്പോഴിതാ അഹ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഒരു ചടങ്ങിലും പ്രകടമായിരിക്കുന്നു മുസ്‌ലിം വിരോധവും അസഹിഷ്ണുതയും. രാജ്യത്തെ വനിതാ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിലെ അഹ്മദാബാദില്‍ സംഘടിപ്പിച്ച സ്വച്ഛ്ശക്തി ക്യാമ്പില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ജനപ്രതിനിധികള്‍ക്ക് കടുത്ത അവഹേളനമാണ് സംഘാടകരില്‍ നിന്നേല്‍ക്കേണ്ടിവന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത വേഷങ്ങള്‍ അണിഞ്ഞെത്തിയ കേരളത്തില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ സംഘാടകര്‍ വേദിയിലേക്ക് നിരുപാധികം യാതൊരു തടസ്സവുമില്ലാതെ കടത്തിവിട്ടപ്പോള്‍, ശിരോവസ്ത്രം അഴിച്ചുവെക്കാതെ വേദിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരോട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പ്രവേശന കവാടത്തില്‍ ഇവരെ സംഘാടകര്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഇത് തങ്ങളുടെ മതാചാരമാണെന്ന് പറഞ്ഞെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ശിരോവസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. അത് തലയില്‍ നിന്നെടുത്തു മാറ്റിയ ശേഷമാണ് ഇവരെ ഹാളിലേക്ക് കടത്തിവിട്ടത്. വേദിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു പൊതുവേഷം നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കില്‍ ഉദ്യോഗസ്ഥരുടെ ഈ നടപടി ന്യായീകരിക്കപ്പെടാമായിരുന്നു. അതില്ലാതെ മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തിന് മാത്രം വിലക്ക് കല്‍പ്പിക്കുമ്പോള്‍ സംഘാടകരുടെ അസുഖമെന്തെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.

സ്ത്രീസ്വാതന്ത്ര്യ വാദത്തിന് ഊന്നല്‍ നല്‍കുന്ന വനിതാ ദിനത്തോടനുബന്ധിച്ച ചടങ്ങിലാണ് സംഭവമെന്നതാണ് ഏറെ വിരോധാഭാസം. മതസ്വാതന്ത്ര്യവും മതപരമായ വേഷവിധാനങ്ങളും അനുവദിക്കുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ ഏത് വസ്ത്രം ധരിക്കണമെന്ന തീരുമാനം ഓരോ പൗരന്റെയും മൗലികാവകാശമാണ്. അതനുസരിച്ചു ഹൈന്ദവ സന്യാസിനിമാര്‍ ശിരസ്സ് കൂടി മറക്കുന്ന തരത്തില്‍ കഷായ വസ്ത്രം ധരിച്ചു പ്രധാനമന്ത്രിയുടെ മുമ്പിലുള്‍പ്പെടെ ഏത് വേദിയിലും പ്രത്യക്ഷപ്പെടാറുണ്ട്. കന്യാസ്ത്രീകള്‍ക്കും സിഖുകാര്‍ക്കുമൊന്നും എവിടെയും തങ്ങളുടെ വേഷം അഴിച്ചുമാറ്റേണ്ടിവരാറില്ല. എന്നാല്‍, മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രവും പര്‍ദയും കാണുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതയും പുച്ഛവുമാണ്. അത് മതേതരത്വത്തിന് നിരക്കുന്നതല്ലെന്നും പൊതുസ്വീകാര്യത ഇല്ലാത്തതാണെന്നുമാണ് ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഉള്‍പ്പെടെയുള്ള ചിലരുടെ വാദം. അതേസമയം സുഷമ സ്വരാജോ, ഉമാഭാരതിയോ വൃന്ദ കാരാട്ടോ നീളന്‍ സാരി കൊണ്ട് ശരീരമാകെ പൊതിഞ്ഞു നെറ്റിയില്‍ വലിയൊരു പൊട്ടും തൊട്ട് പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍ പൊതുസ്വീകാര്യതക്ക് ഒരു കോട്ടവുമില്ല താനും. അവരൊക്കെ സ്ത്രീവിമോചനത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. പൊതുമണ്ഡലത്തില്‍ മതചിഹ്നങ്ങളണിയുന്നത് മതേതര രാഷ്ട്രസങ്കല്‍പത്തിന് വിരുദ്ധമാണെങ്കില്‍ ഇവരൊക്കെയല്ലേ ആദ്യം മാതൃക കാണിക്കേണ്ടത്.

ചുരിദാര്‍ ധരിക്കുന്നവരും സാരി ധരിക്കുന്നവരും ജീന്‍സ് ധരിക്കുന്നവരുമുണ്ട് രാജ്യത്തെ സ്ത്രീകളില്‍. അതുപോലെ ഒരു വേഷമായി മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തെയും പര്‍ദയെയും കണ്ടാല്‍ പ്രശ്‌നമേതുമില്ല. അതിനപ്പുറമുള്ള കാഴചപ്പാട് തീവ്രവംശീയ ചിന്താഗതിയില്‍ നിന്നോ ഇസ്‌ലാമിക വിരോധത്തില്‍ നിന്നോ ഉടലെടുക്കുന്നതാണ്. വിദ്യാലയങ്ങളിലും തൊഴില്‍ ഇടങ്ങളിലും മഫ്തയും സ്‌കാര്‍ഫും വിലക്കുന്നതിന്റെയും പ്രധാനമന്ത്രിയുടെ വേദിയിലേക്ക് ശിരോവസ്ത്ര ധാരികള്‍ക്ക് പ്രവേശനം നിരോധിച്ചതിന്റെയും ചേതോവികാരമിതാണ്. രാജ്യത്തെ ബഹുസ്വരതക്കും മതേതരത്വത്തിനും ചേരുന്നതല്ല ഇതൊന്നും. വ്യക്തിസ്വാതന്ത്ര്യത്തിനും മതത്തിനുമെതിരായ ആക്രമണം തന്നെയാണ് മുസ്‌ലിംസ്ത്രീകളുടെ വസ്ത്രധാരണത്തിന് നേരെയുള്ള എതിര്‍പ്പും. അവര്‍ എന്തു വേഷം ധരിക്കണമെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാറോ ഉദ്യോഗസ്ഥന്മാരോ അല്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒരു ചടങ്ങില്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ മൂന്ന് സ്ത്രീകളെ അപമാനിച്ചത് തികച്ചും ലജ്ജാകരവും നാണക്കേടുമാണ്. പാര്‍ലിമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ആവശ്യപ്പെട്ടത് പോലെ ഇക്കാര്യത്തില്‍ അദ്ദേഹം മാപ്പ് ചോദിക്കുകയും വിവേചനം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Latest