Connect with us

Gulf

ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ശക്തമായ അടിത്തറയൊരുക്കി ജാഹിസ് 1 പദ്ധതിക്ക് തുടക്കം

Published

|

Last Updated

ജാഹിസ് 1 പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: രാജ്യത്ത് ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന ജാഹിസ് 1 പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടന്ന ചടങ്ങിലാണ് ജാഹിസ് ഒന്നിന് തുടക്കമായത്. ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക് (ക്യു ഡി ബി) ആണ് പദ്ധതി തുടങ്ങിയത്. സാങ്കേതികവിദ്യ, നൂതനത്വം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ വ്യവസായങ്ങളില്‍ കൂടുതല്‍ ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ പ്രവേശനം സാധ്യമാക്കുന്നതിന് വ്യവസായിക സൗകര്യങ്ങള്‍ വാടകക്ക് കൊടുക്കുന്ന പദ്ധതിയാണിത്.

ഉത്പന്ന നിര്‍മാണത്തിന് ആവശ്യമായ സൗകര്യങ്ങളാണ് ക്യു ഡി ബി ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് മാസാടിസ്ഥാനത്തിലാണ് ഇത് വാടകക്ക് കൊടുക്കുന്നത്. രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, മരം, ഇലക്‌ട്രോണിക് വസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദ വ്യവസായങ്ങള്‍ക്ക് പറ്റിയ സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദ പറഞ്ഞു. ശക്തമായ വ്യവസായ ഉത്പാദന അടിസ്ഥാനം ഒരുക്കുന്നതാണ് ജാഹിസ് ഒന്ന് പദ്ധതി. പ്രധാന വരുമാന സ്രോതസ് ആയി എണ്ണക്ക് പകരം മറ്റ് ഉത്പന്നങ്ങളെയും സേവനങ്ങളെയും കൊണ്ടുവരികയാണ് ഇതിലൂടെ. മൊത്തം ആഭ്യന്തര ഉത്പാന വളര്‍ച്ചയില്‍ വ്യവസായ മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും സാധിക്കും. ഖത്വരി ഉത്പന്നങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാര്‍ താത്പര്യമനുസരിച്ചാണ് ഇത്. വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം തുടങ്ങുന്നത് ഇതിന്റെ ഭാഗമാണ്. സമ്പദ്‌വ്യവസ്ഥയുടെ വരുമാന വൈവിധ്യത്തിന് യോജിച്ച അന്തരീക്ഷം സൃഷ്ടിക്കുക, ആഭ്യന്തര- വിദേശ നിക്ഷേപം ആകര്‍ഷിക്കുക, പൊതു ചെലവഴിക്കല്‍ വര്‍ധിപ്പിക്കുക, പൊതു- ചെലവഴിക്കല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയുള്ള 2017- 22 ദേശീയ വികസന കര്‍മപദ്ധതിയുടെ വിജയത്തിന് പൊതു- സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ആവശ്യമാണ്. ഇതിനായി വ്യവസായ നിക്ഷേപ അന്തരീക്ഷ വികസന സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ആഗോള മത്സരക്ഷമതയില്‍ രാജ്യത്തിന് പതിനെട്ടാം സ്ഥാനം ലഭിച്ചത് ഇതിന് തെളിവാണെന്നും അല്‍ സാദ പറഞ്ഞു.

ഖത്വര്‍ സംരംഭകരുടെ വിജയമാണ് ജാഹിസ് 1 പദ്ധതിയെന്ന് ക്യു ഡി ബി. സി ഇ ഒ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ പറഞ്ഞു. ദേശീയ പഞ്ചവത്സര കര്‍മപദ്ധതിയില്‍ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ചട്ടക്കൂട് നിര്‍മിക്കാന്‍ വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്ന് ക്യു ഡി ബി പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഭക്ഷണം- പാനീയ മേഖലകളെ ലക്ഷ്യമിടുന്ന 180 മില്യന്‍ ഖത്വര്‍ റിയാലിന്റെ നിക്ഷേപം കണക്കാക്കുന്ന ജാഹിസ് 2 പദ്ധതിക്ക് ബേങ്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest