Connect with us

Gulf

പിണറായി ഭരണം സംഘ്പരിവാറിനോട് മൃദു സമീപനം പുലര്‍ത്തുന്നു: പി കെ ഫിറോസ്

Published

|

Last Updated

പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: സംഘ്പരിവാറിനോട് മൃദുസമീപനം പുലര്‍ത്തുന്ന സമീപനമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റേതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ പിറോസ്. മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ സാദാചാര ഗുണ്ടായിസം പോലീസ് നോക്കി നിന്നത് ഒടുവിലെ ഉദാഹരണമാണ്. കാസര്‍കോട് സമസ്ത പരിപാടിയില്‍ മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുത്തു. കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസരം സൃഷ്ടിച്ചു. യുവമോര്‍ച്ചക്കാര്‍ നല്‍കുന്ന പരാതികള്‍ പരിഗണിക്കുകയും എതിരായ പരാതികള്‍ അവഗണിക്കുകയും ചെയ്യുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നത്. ഈ ഘട്ടത്തില്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് പ്രാപ്തനായ മറ്റൊരാളെ ഏല്‍പ്പിക്കണം.

ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു. മംഗലാപുരത്ത് പിണറായി വിജയനെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ എങ്ങിനെ കൈകാര്യം ചെയ്തുവെന്നത് കേരള സര്‍ക്കാറിന് പാഠമാണ്. ഈ ജാഗ്രത കേരള സര്‍ക്കാര്‍ കാണിക്കുന്നില്ല. ആര്‍ എസ് എസും സിപിഎമ്മും ആശയപരമായി ഒരു മത്‌സരവും നടക്കുന്നില്ല. കൈയ്യൂക്കിന്റെ മേല്‍ക്കൈ കാണിക്കുന്നതിനുള്ള ശ്രമമാണ് കണ്ണൂരിലും നടക്കുന്നത്. ആര്‍ എസ് എസിനെ നേരിടാനാണിതെങ്കില്‍ കണ്ണൂരില്‍ എങ്ങനെ ആര്‍ എസ് സ് വലിയ ശക്തിയായി വളരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചതുള്‍പ്പെടെയുള്ള ഘട്ടങ്ങളില്‍ ലീഗ് എതിര്‍ത്ത് അഭിപ്രായം പറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകല്‍ പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ല. പോലീസ് തന്നെ സദാചാര ഗുണ്ടകളാകുന്നു. രണ്ട് കുട്ടികളുടെ നിഷ്ഠൂരമായ കൊലപാതകം നടന്ന വാളയാര്‍ ഉള്‍പ്പെടെയുള്ള പീഡന കേസുകളില്‍ പൊലീസ് വേട്ടക്കാര്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. അന്വേഷണം വരെ നിഷേധിക്കപ്പെടുന്നതാണ് കാണുന്നത്. ജിഷ്ണു പ്രാണോയ്, മലപ്പുറത്തെ ഫൈസല്‍, നാദാപുരത്തെ അസ്‌ലം എന്നിവരുടെയെല്ലാം കൊലപാതക കേസുകള്‍ തുടക്കം മുതല്‍ തന്നെ അന്വേഷണത്തില്‍ കനത്ത വീഴ്ചയാണ് പൊലീസിന് സംഭവിച്ചത്. ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന നിഷേധാത്മക സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ശരീര ഭാഷ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെതാണ്. മറേഷന്‍ നിലച്ചതോ ക്രമസമാധാനം തകര്‍ന്നതോ സ്ത്രീകള്‍ നടുറോഡില്‍ പിച്ചിചീന്തപ്പെടുന്നതോ പ്രശ്‌നമാകുന്നില്ല.

പോലീസിന്റെ ഇരട്ട നീതിക്കെതിരെയും സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭം നടത്തും. ബഹുസ്വരതക്കു വേണ്ടി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാംപയിന്‍ സംഘടിപ്പിക്കും. സ്ത്രീകളെ പാര്‍ട്ടിസ്ഥാനങ്ങളില്‍ കൊണ്ടുവരുന്നതിന് ഘട്ടംഘട്ടമായി ശ്രമം നടത്തും. ഇതിന്റെ ഭാഗമായി ജില്ലകളില്‍ യുവതി സമ്മേളനങ്ങള്‍ നടത്തും. സ്ത്രീസമൂഹത്തെ അകറ്റി നിര്‍ത്തുന്ന പൊതുബോധത്തിന്റെ പ്രശ്‌നം ലീഗിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ത്രീകളെ വിലക്കാനുള്ള തീരുമാനം ലീഗില്‍ നടക്കില്ല. വിശ്വാസപരമായ വിഷയങ്ങളെക്കൂടി പരിഗണിച്ചേ നടപടികള്‍ സ്വീകരിക്കൂ. ഗള്‍ഫിലെ യുവാക്കളെ സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ള ആശയങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുസ്സമദ് പൂക്കാട്, അബ്ദുന്നാസര്‍ നാച്ചി, അലി പള്ളിയത്ത്, നിഅ്മത്തുല്ല കോട്ടക്കല്‍, സദഖത്തുല്ല, കെ കെ ഹംസ, ബഷീര്‍ കാപ്പാട്, അബ്ദുര്‍റഹ്മാന്‍ മചികുന്ന്, ഗഫൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest