Connect with us

Articles

പ്രൊഫ. സായി ബാബയും അസിമാനന്ദയും

Published

|

Last Updated

സ്വാമി അസിമാനന്ദ

2007ലെ റമസാന്‍ ദിനങ്ങളിലൊന്നിലാണ് അജ്മീറിലെ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. മൂന്ന് പേര്‍ മരിച്ചു, പതിനഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റു. പത്ത് വര്‍ഷമെത്താറാകുമ്പോള്‍ ഈ കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നു. പല നിലക്ക് പ്രാധാന്യമുണ്ട് ഈ കേസിനും അതില്‍ എന്‍ ഐ എ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിക്കും. സി പി ഐ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന കേസില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ജി എന്‍ സായി ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മഹാരാഷ്ട്ര ഗാഡ്ചിരോളിയിലെ വിചാരണക്കോടതി ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അജ്മീര്‍ സ്‌ഫോനടക്കേസില്‍ കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.

അജ്മീറടക്കം 2006നും 2008നുമിടക്കുണ്ടായ പല സ്‌ഫോടനങ്ങളുടെയും ആസൂത്രണത്തില്‍ മുഖ്യ പങ്കുവഹിച്ചതായി ആരോപിക്കപ്പെടുകയും ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മത മൊഴി നല്‍കുകയും ചെയ്ത സ്വാമി അസിമാനന്ദ് എന്ന പേരില്‍ അറിയപ്പെടുന്ന നവ കുമാര്‍ കര്‍മപുകാറിനെയും മറ്റ് ആറു പേരെയും കുറ്റവിമുക്തരാക്കുന്നതാണ് ജയ്പൂരിലെ പ്രത്യേക എന്‍ ഐ എ കോടതിയുടെ തീരുമാനം. പരേതനായ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. അസിമാനന്ദ് അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ സംശയലേശമെന്യെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടുന്നു.

പ്രൊഫ. ജി എന്‍ സായി ബാബ

അസിമാനന്ദിന്റെ, കുറ്റസമ്മത മൊഴിയെ കോടതി ഏത് വിധത്തിലാണ് പരിഗണിച്ചത് എന്നതില്‍ വ്യക്തതയായിട്ടില്ല. ബാഹ്യ സമ്മര്‍ദങ്ങളൊന്നുമില്ലാതെ, സ്വമനസ്സാലെ മൊഴി നല്‍കുകയാണ് എന്ന് കാണിച്ച് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മത മൊഴി നല്‍കിയ അസിമാനന്ദ് പിന്നീട് ഇതില്‍ നിന്ന് പിന്‍മാറുകയും സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റസമ്മത മൊഴി നല്‍കിയത് എന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ച്, കുറ്റസമ്മതമൊഴി നല്‍കുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ആലോചിക്കാന്‍ രണ്ട് ദിവസത്തെ സമയം പോലും മജിസ്‌ട്രേറ്റ് നല്‍കിയിരുന്നു, രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴിയെ അസാധുവാക്കാന്‍ പാകത്തിലുള്ളതായി പിന്നിടൂള്ള നിഷേധത്തെ കോടതി കണ്ടുകാണണം.
ഇതൊക്കെയാണെങ്കിലും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നേതാക്കളായ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തുമ്പോള്‍ “ഹിന്ദുത്വ ഭീകരവാദ ശൃംഖല” രാജ്യത്ത് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കും വിധത്തില്‍ നിയമത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു. “മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല പക്ഷേ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്” എന്ന് മുന്‍കാലത്ത് വിശദീകരിച്ചയാളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. ഭീകരവാദത്തിന്റെ വക്താക്കളാണ് മുസ്‌ലിംകള്‍ എന്ന് പ്രചാരണം നടത്തുന്നതിന് സംഘ്പരിവാരം മടിച്ചിട്ടുമില്ല. അത്തരമൊരു സാഹചര്യത്തില്‍, ആര്‍ എസ് എസ് നേതാക്കള്‍ കുറ്റക്കാരാണെന്ന കോടതി തീരുമാനത്തിന് വലിയ പ്രസക്തിയുണ്ട്. ആര്‍ എസ് എസ് നിര്‍വചിക്കുന്നത് പോലൊരു സാംസ്‌കാരിക സംഘടന മാത്രമല്ല അതെന്ന് കോടതി സാക്ഷ്യപ്പെടുത്തുകയാണ്, ചുരുങ്ങിയപക്ഷം സ്വയം സേവകരായി എത്തുന്നവര്‍ ഭീകരവാദികളായി മാറുന്നുണ്ട് എന്നെങ്കിലും. അങ്ങനെ ഭീകരവാദികളായി മാറാന്‍ പാകത്തിലുള്ള അധ്യയനം ആ സംഘടനയില്‍ നടക്കുന്നുണ്ട് എന്നും.

ഇന്ത്യന്‍ യൂണിയന്റെ ഭരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പിയുടെ കൈകളില്‍ എത്തിയതിന് ശേഷം ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ കണ്ണികള്‍ ആരോപണവിധേയരായ കേസുകള്‍ അട്ടിമറിക്കുന്നതിന് ആസുത്രിത ശ്രമം നടക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധ്വി പ്രഗ്യാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതുമൊക്കെ ആരോപണവിധേയരായ മലേഗാവ് സ്‌ഫോടനക്കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടറായ രോഹിണി സന്യാല്‍ പറഞ്ഞിരുന്നു. അജ്മീര്‍ സ്‌ഫോടനക്കേസിലും എന്‍ ഐ എ അലംഭാവം കാട്ടിയെന്ന ആരോപണം ശക്തമാണ്. അസിമാനന്ദയുള്‍പ്പെടെ ആരോപണവിധേയര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പാകത്തില്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നത് ഈ കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അശ്വിനി ശര്‍മയാണ്.
പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നവരില്‍ ഭൂരിഭാഗം പേരും കോടതിയില്‍ മൊഴി മാറ്റി. സാക്ഷികളെ സംരക്ഷിക്കാനോ അവരെ പ്രതിഭാഗം സ്വാധീനിക്കുന്നത് തടയാനോ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതേയില്ല. പ്രോസിക്യൂഷന്‍ സാക്ഷികളായി കോടതിയില്‍ ഹാജരായ പലര്‍ക്കും (വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സാക്ഷികളായുണ്ടായിരുന്നു) ജയ്പൂരില്‍ താമസ സൗകര്യമൊരുക്കിയത് പ്രതിഭാഗം അഭിഭാഷകരായിരുന്നു. ഇവര്‍ താമസിച്ച ഹോട്ടലിനെക്കുറിച്ചുള്ള വിവരം നല്‍കിയെങ്കിലും അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ മെനക്കെട്ടില്ല. കോടതിക്ക് പുറത്ത് പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രതിഭാഗം അഭിഭാഷകരുമായി സംസാരിക്കുന്നത് പലകുറി കണ്ടു. ഇക്കാര്യം എന്‍ ഐ എ ഉദ്യോഗസ്ഥരെ അറിയിച്ച പ്രോസിക്യൂട്ടര്‍, അശ്വിനി ശര്‍മ കോടതിയിലെ ക്ലോസ് സര്‍ക്യൂട്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ നടക്കുന്ന ശ്രമം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായതേയില്ല. സാക്ഷികളെ സംരക്ഷിക്കുകയും അവര്‍ക്ക് പേടികൂടാതെ മൊഴി നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നായിരുന്നു എന്‍ ഐ എ ഉദ്യോഗസ്ഥരുടെ പക്ഷം. പ്രോസിക്യൂഷന്‍ സാക്ഷികളെ, കോടതി മുറിയിലേക്ക് എത്തിച്ചിരുന്നത് പലപ്പോഴും പ്രതിഭാഗം അഭിഭാഷകര്‍ തന്നെയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പകല്‍ വെളിച്ചത്തില്‍ നടക്കുമ്പോഴും അന്വേഷണ ഏജന്‍സിക്ക് പ്രശ്‌നമായി തോന്നിയതേയില്ല!

ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ നേതാവായിരുന്ന രണ്‍ധീര്‍ സിംഗ് ഈ കേസിലെ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞ രണ്‍ധീര്‍ സിംഗ് ഝാര്‍ഖണ്ഡിലെ ബി ജെ പി സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ഇപ്പോള്‍. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയിലേക്ക് മടങ്ങാന്‍ ശ്രമിച്ച രണ്‍ധീറിനെ അന്ന് തള്ളിപ്പറഞ്ഞ പാര്‍ട്ടി നേതൃത്വം, പിന്നീട് സ്വീകരിച്ച് മന്ത്രിയാക്കുകയായിരുന്നു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായിരുന്നോ മന്ത്രിപദമെന്ന് അന്വേഷിക്കേണ്ട ചുമതല നിലവിലെ നീതിന്യായ സംവിധാനത്തില്‍ ഇല്ലതന്നെ.
സ്വാമി അസിമാനന്ദിനെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു എന്‍ ഐ എയുടെ പ്രധാന ദൗത്യം എന്ന് സംശയിക്കാന്‍ ന്യായമുണ്ട്. അഭിനവ് ഭാരത് പോലുള്ള സംഘടനകള്‍ മാത്രമല്ല സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് കുറ്റസമ്മതമൊഴിയിലുണ്ട്. ആര്‍ എസ് എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍ തിരഞ്ഞെടുത്ത് നിയോഗിച്ച ചില പ്രചാരകര്‍ ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇവരുടെ ചെലവുകളെല്ലാം ഇന്ദ്രേഷ് കുമാറാണ് നോക്കിയിരുന്നതെന്നും. അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ ഇങ്ങനെ പറയുന്നു – “”2005ല്‍ ഇന്ദ്രേഷ്ജി ശബരി ധാമിലെത്തി (ഗുജറാത്തിലെ ഡാംഗില്‍ അസിമാനന്ദിനുള്ള ആശ്രമം) എന്നെ കണ്ടു. ആര്‍ എസ് എസ്സിന്റെ നിരവധി ഉയര്‍ന്ന ഭാരവാഹികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുനില്‍ ജോഷിയെ ഈ ജോലിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജോഷിക്ക് വേണ്ട സഹായമെല്ലാം ചെയ്തു കൊടുക്കുമെന്നും പറഞ്ഞു””

അസിമാനന്ദ കുറ്റക്കാരനായി മാറിയാല്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന, അഭിനവ് ഭാരതിന് പുറമെയുള്ള സംഘടനകള്‍ ഏതൊക്കെ എന്ന് അന്വേഷിക്കേണ്ടിവരും. ഇന്ദ്രേഷ് കുമാറിന് പുറമെ ശബരി ധാമിലെത്തിയ ഉയര്‍ന്ന ആര്‍ എസ് എസ് നേതാക്കള്‍ ആരൊക്കെ എന്ന അന്വേഷണം പേരിനെങ്കിലും നടത്തേണ്ടിവരും. (ഇപ്പോഴത്തെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ആ സംഘത്തിലുണ്ടായിരുന്നുവെന്ന് അസിമാനന്ദ പിന്നീട് മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു) ഗുഢാലോചനയില്‍ പങ്കാളിയായെന്ന് അസിമാനന്ദ തന്നെ പറയുന്ന ഇന്ദ്രേഷ് കുമാറിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന ചോദ്യമുണ്ടാകും. സംഘ് പരിവാരത്തിന് അസ്വാസ്ഥ്യമുണ്ടാകുന്ന ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ട ഉത്തരവാദിത്തം നരേന്ദ്ര മോദിക്ക് കീഴിലാകുമ്പോള്‍ എന്‍ ഐ എക്കുണ്ടാകുക സ്വാഭാവികമാണ്. ആ ചുമതല നിര്‍വഹിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചുവെന്ന് വേണം കോടതിയുടെ തീരുമാനത്തില്‍ നിന്ന് മനസ്സിലാക്കാന്‍. അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പുറത്തുവരുമ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എയാണ് അധികാരത്തിലുണ്ടായിരുന്നത്. ഇന്ദ്രേഷിന്റെ പങ്കോ മറ്റ് ഉയര്‍ന്ന ആര്‍ എസ് എസ് നേതാക്കളുടെ പങ്കോ അന്വേഷിക്കാന്‍ അന്നും അന്വേഷണ ഏജന്‍സികള്‍ തയ്യാറായിരുന്നില്ല. അതിലേക്ക് അവരെ നയിക്കാനുള്ള ഇച്ഛാശക്തി ആ ഭരണകൂടം കാട്ടിയതുമില്ല.

സി പി ഐയെ (മാവോയിസ്റ്റ്) അനുകൂലിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചു, രാജ്യം ഭരിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയാണ് വീല്‍ ചെയറില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാത്ത സായി ബാബയെയും മറ്റ് നാല് പേരെയും ജീവപര്യന്തം തടവിന് ഗാഡ്ചിരോളിയിലെ കോടതി ശിക്ഷിച്ചത്. സായി ബാബയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാവോയിസത്തെ അനുകൂലിക്കുന്ന ലഘുലേഖകളാണ് മുഖ്യ തെളിവ്. സി പി ഐ (മാവോയിസ്റ്റ്) നേതാക്കളുടെ കത്തുകളും മറ്റും സായിബാബക്ക് എത്തിച്ചുകൊടുത്തിരുന്നുവെന്ന് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയത് കോടതി ഗൗരവത്തില്‍ എടുക്കുകയുംചെയ്തു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ പിന്നെ ശിക്ഷിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗം! ഏതെങ്കിലും സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനല്ല സായി ബാബ, മാവോയിസ്റ്റുകള്‍ നടത്തിയ ഏതെങ്കിലും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്തയാളുമല്ല. മാവോയിസ്റ്റ് താവളത്തില്‍ പോയി അക്രമങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതായി ആരോപണവുമില്ല. എന്നിട്ടും വിചാരണക്കോടതിയുടെ ന്യായാന്യായ വിചാരത്തില്‍ ജീവപര്യന്തം വിധിക്കാവുന്ന കുറ്റം ചെയ്തതായി കണ്ടെത്തി. അത്യുന്നതമായ നീതിബോധമെന്നല്ലാതെ എന്ത് പറവാന്‍.
അതേ നീതിന്യായ സംവിധാനത്തില്‍ നിന്നാണ് സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റസമ്മതമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ വ്യക്തി, സംശയാതീതമായ തെളിവുകളുടെ അഭാവത്തില്‍ വിടുതല്‍ ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച കേസില്‍ പഴുതടച്ച തെളിവുകള്‍ ഹാജരാക്കാന്‍ യത്‌നിക്കാനും സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും പൊലീസ് സകല ജാഗ്രതയും കാട്ടിയപ്പോഴാണ് പ്രോസിക്യൂഷന്‍ സാക്ഷികളെ പ്രതിഭാഗം അഭിഭാഷകര്‍ കോടതി മുറിയിലേക്ക് ആനയിക്കുന്നത് എന്‍ ഐ എ നിസ്സംഗമായി കണ്ടുകൊണ്ടിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിനീത വിധേയരായി മാറിയിരിക്കുന്നുവെന്ന് കരുതണം. അതിനോട് യോജിച്ചുപോകാന്‍ നീതിന്യായ സംവിധാനം തയ്യാറാവുകയാണോ എന്നും.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest