അമ്പായത്തോട് അറമുക്കില്‍ സുന്നി സ്ഥാപനത്തിനുനേരെ വീണ്ടും സമൂഹ്യ വിരുദ്ധരുടെ അക്രമം

Posted on: March 9, 2017 9:18 pm | Last updated: March 9, 2017 at 9:27 pm

താമരശ്ശേരി: അമ്പായത്തോട് അറമുക്കില്‍ സുന്നി സ്ഥാപനത്തിനുനേരെ വീണ്ടും സമൂഹ്യ വിരുദ്ധരുടെ അക്രമം. ഇമ്പിച്ചാലി മുസ്ലിയാര്‍ സ്മാരക ദഅവ സെന്ററിനു നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞ ജനുവരി 16 ന് രാത്രി ദഅവ സെന്ററിന്റെ ബോര്‍ഡില്‍ പെയിന്റും കരിഓയിലും ഒഴിക്കുകയും ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അന്ന് സ്ഥാപന ഭാരവാഹികള്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായരുന്നില്ല. പിന്നീട് പലപ്പോഴായി സ്ഥാപനത്തിനു നേരെ കല്ലേറ് നടത്തുകയും തീ കൊളുത്തുകയും ചെയ്തിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഒരുവശത്തെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും മുന്‍വശത്തെ ജനലിന് തീ കൊളുത്തുകയും ചെയ്തു. തീ കൊളുത്തിയ തുണി കെട്ടിടത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞെങ്കിലും തീ അണഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളത്തിന്റെ പൈപ്പുകളും ലൈറ്റുകളും പൂര്‍ണമായും അടിച്ചു തകര്‍ത്തു. പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച ദിവസം തന്നെ തകര്‍ത്തിരുന്നു. രാത്രിയോടെ പ്രദേശം ഇരുട്ടിലാവുന്നതാണ് സാമൂഹ്യ വിരുദ്ധര്‍ക്ക് തുണയാവുന്നത്. പ്രദേശത്ത് കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.