എന്തുകൊണ്ട് കിഫ്ബി?

പണമെവിടെ എന്ന് ചോദിക്കുന്നവര്‍ കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പണമെവിടെയായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലാം കടമെടുത്ത് ചെയ്യുന്നത് തന്നെയാണ്. ഇത്തരം പദ്ധതികള്‍ക്ക് ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ കിഫ്ബിയെ കാണേണ്ടതുണ്ട്. ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും അതിന് പണം കണ്ടെത്താനും നടപ്പാക്കാനും കമ്പനികള്‍ രൂപവത്കരിക്കുകയും പൂര്‍ത്തീകരിക്കുകയുമാണ് സാധാരണ ചെയ്യുന്നത്. അതിന് പകരം ഇത്തരം പദ്ധതികള്‍ക്കെല്ലാം പണം കണ്ടെത്തലും അംഗീകാരം നല്‍കലുമെല്ലാം ഇനി കിഫ്ബി ചെയ്യും. ഇങ്ങനെ ഓരോ പദ്ധതിക്കുമായി വിവിധ കമ്പനികള്‍ രൂപവത്കരിക്കുന്നതിലും പണം കണ്ടെത്തുന്നതിലുമുള്ള കാലതാമസം ഒഴിവായിക്കിട്ടുമെന്നത് വലിയ കാര്യമാണ്. യഥാര്‍ഥത്തില്‍ ഇത് ചരിത്രത്തില്‍ നിന്ന് മാറിയുള്ള ഒരു സ്വപ്‌നപദ്ധതിയാണ്.
Posted on: March 9, 2017 6:16 am | Last updated: March 9, 2017 at 12:17 am

ഡോ. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വാക്ക് ‘കിഫ്ബി’ എന്നതായിരിക്കും. മുഖ്യമന്ത്രി ചെയര്‍മാനും ധനമന്ത്രി വൈസ് ചെയര്‍മാനുമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് കിഫ്ബി. ‘കിഫ്ബി ബജറ്റ്’ എന്ന് പ്രതിപക്ഷം ആക്ഷേപിക്കുമ്പോഴും ധനമന്ത്രി തന്റെ സ്വപ്‌നപദ്ധതിയെ കുറിച്ച് പറയുമ്പോഴും ഇതെങ്ങിനെ അടിസ്ഥാന വികസനത്തില്‍ പങ്കുവഹിക്കുന്നു എന്നതിനെക്കുറിച്ചാണ് ജനങ്ങള്‍ ആലോചിക്കുന്നത്. പദ്ധതികള്‍ക്ക് ബജറ്റില്‍ പണം വകയിരുത്തി അതുവഴി ചെലവഴിക്കുന്നതിന് പകരം ബജറ്റിന് പുറത്ത് പണം കണ്ടെത്തുകയും അങ്ങനെ തന്നെ ചെലവഴിക്കുകയുമാണ് കിഫ്ബി വഴി ചെയ്യുന്നത്.

ഇവിടെ പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തുന്നത് രണ്ട് ചോദ്യങ്ങളാണ്. 2016ല്‍ പുതുക്കിയ ബജറ്റ് പ്രകാരം കിഫ്ബി വഴി 20,000 കോടി ലക്ഷ്യമിട്ടപ്പോള്‍ വെറും 1,006 കോടി മാത്രമാണ് നിക്ഷേപമായെത്തിയെന്നത്. മറ്റൊന്ന് ഇപ്പോള്‍ കിഫ്ബിയുടെ കൈവശം അഞ്ചുപൈസയില്ല. പിന്നെ എങ്ങനെയാണ് 25,000 കോടിയുടെ പ്രവൃത്തികള്‍ നടത്തുകയെന്നതാണ്. എന്നാല്‍ ഇതിനൊക്കെ വ്യക്തമായ മറുപടി തോമസ് ഐസക്ക് നല്‍കുന്നുണ്ട്. ഇതിനൊക്കെ പുറമേ എന്താണ് കിഫ്ബിയെന്നും അതിന്റെ പ്രവര്‍ത്തനം എങ്ങനെയാണ് നടക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി ഒരു നാഴികക്കല്ലാകുമെന്ന് മനസ്സിലാക്കാവുന്നതാണ്. വലിയ റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ പോലുള്ള 104 പദ്ധതികളായിരുന്നു കഴിഞ്ഞ വര്‍ഷം കിഫ്ബിയുടെ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ 20,000 കോടിയുടെ പദ്ധതികള്‍ എന്ന് ബജറ്റില്‍ പറഞ്ഞപ്പോള്‍ തന്നെ ധനമന്ത്രി ഒരു കാര്യം പറഞ്ഞിരുന്നു. മിക്കവാറും ഇത്തവണ രണ്ടായിരം കോടിയേ ആവശ്യമായി വരൂ. ഇത് മറച്ചുവെച്ചാണ് പ്രതിപക്ഷം 1,006 കോടിയെ കിഫ്ബിയിലെത്തിയിട്ടുള്ളൂ എന്നത് ഒരു പരാജയമായി എടുത്തു കാണിക്കുന്നത്. ഒരു കാര്യം ഉറപ്പാണ് നാളിതുവരെയായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുന്ന അനുഭവമായിരുന്നു സംസ്ഥാനത്തിനും രാജ്യത്തിനുമുണ്ടായിരുന്നതെങ്കില്‍ ഇനിയുമൊരു പദ്ധതി ആവശ്യമില്ലാത്തത്ര രാജ്യം വളര്‍ന്നിരുന്നേനെ. അപ്പോള്‍ ഒരു പുതിയ സംരംഭം എന്ന നിലയില്‍ കുറച്ച് ക്ഷമയോടുകൂടി കിഫ്ബിയെ സമീപിക്കാന്‍ എല്ലാവരും സന്മനസ്സ് കാണിക്കേണ്ടതുണ്ട്.

പണമെവിടെ എന്ന് ചോദിക്കുന്നവര്‍ കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പണമെവിടെയായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലാം കടമെടുത്ത് ചെയ്യുന്നത് തന്നെയാണ്. ഇത്തരം പദ്ധതികള്‍ക്ക് ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ കിഫ്ബിയെ കാണേണ്ടതുണ്ട്. ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും അതിന് പണം കണ്ടെത്താനും നടപ്പാക്കാനും കമ്പനികള്‍ രൂപവത്കരിക്കുകയും പൂര്‍ത്തീകരിക്കുകയുമാണ് സാധാരണ ചെയ്യുന്നത്. അതിന് പകരം ഇത്തരം പദ്ധതികള്‍ക്കെല്ലാം പണം കണ്ടെത്തലും അംഗീകാരം നല്‍കലുമെല്ലാം ഇനി കിഫ്ബി ചെയ്യും. ഇങ്ങനെ ഓരോ പദ്ധതിക്കുമായി വിവിധ കമ്പനികള്‍ രൂപവത്കരിക്കുന്നതിലും പണം കണ്ടെത്തുന്നതിലുമുള്ള കാലതാമസം ഒഴിവായിക്കിട്ടുമെന്നത് വലിയ കാര്യമാണ്. യഥാര്‍ഥത്തില്‍ ഇത് ചരിത്രത്തില്‍ നിന്ന് മാറിയുള്ള ഒരു സ്വപ്‌നപദ്ധതിയാണ്. ആ സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കുള്ളതു പോലെ തന്നെ സംസ്ഥാനത്തെ നിക്ഷേപകര്‍ക്കും ചില ബാധ്യതകളുണ്ട്.

ബജറ്റിനകത്തായാലും ബജറ്റിന് പുറത്തായാലും പ്രഖ്യാപിക്കുന്നതൊക്കെ അതുപോലെ നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. സംസ്ഥാനത്ത് നടത്തിയിട്ടുള്ളതും നടപ്പിലുള്ളതുമായ ഏത് പ്രവൃത്തിയെടുത്തു പരിശോധിച്ചാലും നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ഇതെല്ലാം വിവിധ ഏജന്‍സികളില്‍നിന്ന് കടമെടുത്ത് നടത്തുന്നവയാണെന്ന്. ഇങ്ങനെ ബജറ്റിലുള്‍പ്പെടുത്തി കടമെടുക്കുന്നതിന് സംസ്ഥാനത്തിന് ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമെന്ന നിശ്ചിത പരിധിയുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ പദ്ധതികള്‍ക്ക് വേണ്ടി കടമെടുക്കാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ ഒരു പുതിയ കമ്പനി രൂപവത്കരിച്ച് ഈ പരിധി മറികടക്കുകയെന്നതാണ് കിഫ്ബിയിലൂടെ തോമസ് ഐസക്ക് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ബജറ്റിനുശേഷം ഉരുത്തിരിയുന്ന ഒരു പദ്ധതിക്ക് പണം കണ്ടെത്താനും ഇതുവഴി കഴിയും. മറ്റൊരു കാര്യം സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബിയില്‍ നിക്ഷേപം നടത്തുകവഴി പങ്കാളികളാകുന്നതിന് മലയാളികള്‍ക്കും അവസരം ലഭിക്കുന്നുവെന്നതാണ്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തില്‍ തത്പരരായ പ്രവാസികളും നിക്ഷേപകരുമായുള്ളവരുടെ ശ്രദ്ധ ഇത്തരം ശ്രമങ്ങള്‍ക്കും ആക്കം കൂട്ടേണ്ടതുണ്ട്. എന്താണ് കിഫ്ബിയെന്നും നിക്ഷേപം എങ്ങനെ തിരിച്ച് ലഭിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍തന്നെ പ്രചാരണം നല്‍കണം. കിഫ്ബി ഇറക്കുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അത് വിറ്റ് പണമാക്കിയെടുക്കാം എന്നത് നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് കരുതാം. നാടിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിനൊപ്പം സുരക്ഷിതനിക്ഷേപം എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നാല്‍ കിഫ്ബി കേരള ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ‘കിഫ്ബി ബജറ്റെ’ന്ന് ആരോപിക്കുമ്പോള്‍ പോലും പ്രതിപക്ഷ എം എല്‍ എമാര്‍ വരെ വിവിധ പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന തോമസ് ഐസക്കിന്റെ ചോദ്യം പ്രസക്തമാണ്.
എടുത്ത് പറയേണ്ട വസ്തുത ഏത് വന്‍കിട പദ്ധതിയായാലും അതില്‍ അഴിമതി സ്വാഭാവികമാണ്. ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കാന്‍ വേണ്ടിയാണ് മുന്‍ സി എ ജി കൂടിയായ വിനോദ് റായിയെ കിഫ്ബിയുടെ ഉപദേശകസമിതി ചെയര്‍മാനായി നിയമിച്ചിട്ടുള്ളത്. ക്ലീന്‍ ഇമേജ് കൊണ്ട് തന്റെ ഔദ്യോഗിക ജീവിതം സമ്പന്നമാക്കിയിട്ടുള്ള ഒരാളെ ഇത്തരം സ്ഥാനത്ത് പ്രതിഷ്ഠിക്കുകവഴി സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്. അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജസ്റ്റിസ് ലോധ കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ബി സി സി ഐ പിരിച്ചുവിട്ടപ്പോള്‍ താത്കാലിക സമിതിയുടെ ചെയര്‍മാനായി സുപ്രീംകോടതി നിയമിച്ചത് വിനോദ് റായിയെയാണ്. അതുകൊണ്ടുതന്നെ കിഫ്ബിയില്‍ വരുന്ന എല്ലാ പദ്ധതികളും അതേപോലെ തന്നെ നടപ്പായിക്കൊള്ളണമെന്നില്ല. പന്ത്രണ്ട് അംഗ ബോര്‍ഡിന് പുറമേ ഇത്തരം ഉപദേശകരുമുള്ളതിനാല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ണമായ പരിശോധനക്ക് വിധേയമാകും.

അഞ്ചു വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതുവഴി സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇത്രയും വലിയ ഒരു തുക എങ്ങനെ തിരിച്ചടക്കുമെന്നതും ചോദ്യമാണ്. ഓരോ പദ്ധതിക്കുവേണ്ടിയും ഇറക്കുന്ന ബോണ്ടുകള്‍ അതാത് വകുപ്പുകളില്‍ നിന്ന് തിരിച്ചുപിടിക്കുന്ന രീതിയിലായിരിക്കും നടപ്പാക്കുക. എല്ലാ പദ്ധതിയുടെയും മൂലധനം എണ്‍പത് ശതമാനത്തോളം ബോണ്ട് വഴി സ്വരൂപിക്കുന്നതാണ്. കിഫ്ബിയിലും ഇതു തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ പ്രത്യേക കമ്പനി രൂപവത്കരിച്ച് ബജറ്റിന് പുറത്ത് ചെയ്യുന്നതായത് കൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇതിന് ആവശ്യമില്ലാതെ വരുന്നു. സംസ്ഥാന വരുമാനത്തിന്റെ 70 ശതമാനത്തോളം ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാന്‍ പണമില്ലാതെ വരിക സ്വാഭാവികമാണ്. ഇതിനെ കിഫ്ബിയിലൂടെ മറികടക്കാനായാല്‍ അത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ല.

യഥാര്‍ഥത്തില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഖജനാവ് കാലിയാകുകയും കടമെടുക്കാനുള്ള പരിധി കടക്കുകയും ചെയ്തപ്പോള്‍ ബജറ്റിന് പുറത്ത് പണം കണ്ടെത്താന്‍ കെ എം മാണി നടത്തിയ പഠനത്തിന്റെ തുടര്‍ച്ചയായാണ് കിഫ്ബി 2016ല്‍ പുതുക്കിയ ബജറ്റിലൂടെ ഉദയം കൊള്ളുന്നത്. ഏതൊരു പദ്ധതിയും ഒരൊറ്റ വര്‍ഷം കൊണ്ട് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനാകുമെന്ന് പ്രതിപക്ഷം പോലും കരുതുന്നുണ്ടാകില്ല. സംസ്ഥാനത്ത് പദ്ധതികളുടെ കുറവല്ല; അതിനാവശ്യമായ പണമാണ് പ്രശ്‌നമെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് ഒരു പോംവഴിയെന്ന നിലക്ക് കിഫ്ബിയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിന് പ്രാഥമികമായി വേണ്ടത് കിഫ്ബിയിലേക്ക് നിക്ഷേപമെത്തലാണ്. ബോണ്ടുകളിറക്കിയും കെ എസ് എഫ് ഇ ചിട്ടി വഴിയും പണം കണ്ടെത്തുമെന്നാണ് തോമസ് ഐസക്ക് പറയുന്നത്.
അഞ്ചുകൊല്ലം കൊണ്ട് ഒരു ലക്ഷം കോടിയെന്നത് പദ്ധതി പ്രഖ്യാപിച്ച തോമസ് ഐസക്ക് പോലും പ്രതീക്ഷിക്കുന്നുണ്ടാകില്ല. അതിന്റെ പകുതിയെങ്കിലും നിക്ഷേപം കിഫ്ബിയിലെത്തുകയാണെങ്കില്‍ വികസനത്തിന്റെ സംസ്ഥാനത്ത് ഒരു പുതിയ ഏട് തന്നെ എഴുതിച്ചേര്‍ക്കാന്‍ കഴിയും. മുന്നണികള്‍ മാറിമാറിവരുന്ന അവസ്ഥ ഇത്തരം പദ്ധതികളുടെ തുടര്‍ച്ചക്ക് വിഘ്‌നമാണ്. ഇതിന് മാറ്റം വരേണ്ടതുണ്ട്. പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും തങ്ങളുടെ ഭരണകാലത്താകണമെന്ന സങ്കുചിത ചിന്താഗതികള്‍ക്കപ്പുറം വികസനകാര്യത്തില്‍ തുടര്‍ച്ചകള്‍ക്ക് വേണ്ടി മുന്നണികള്‍ യോജിക്കുകയാണെങ്കിലെ ഇത്തരം സംരംഭങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ കഴിയൂ.