വാളയാര്‍ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Posted on: March 8, 2017 3:17 pm | Last updated: March 9, 2017 at 2:03 pm

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വാളയാര്‍ എസ്‌ഐയെയാണ് മാറ്റിയത്. പകരം നാര്‍ക്കോട്ടിക് ഡിവൈഎസ്പി സോജന് പകരം ചുമതല നല്‍കി.

ജനുവരി 13ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൂത്ത കുട്ടി പീഡനത്തിന് ഇരയായതായി മനസ്സിലായിട്ടും പോലീസ് വേണ്ടവിധം ഇടപെട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നുവെന്ന് വ്യക്തമാകുകയും ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ ബന്ധുവായ ഒരാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചതൊഴിച്ചാല്‍ മറ്റു തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഇളയകുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് വിഷയം വിവാദമായത്. രണ്ടാമത്തെ കുട്ടിയും നിരന്തര ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.