Connect with us

National

ഇമാന്‍ അഹ്മദിന്റെ ഭാരം 100 കിലോ കുറഞ്ഞു

Published

|

Last Updated

മുംബൈ: അര ടണ്‍ ശരീര ഭാരവുമായി ചികിത്സ തേടി ഇന്ത്യയിലെത്തിയ ഈജിപ്ത് വനിത ഇമാന്‍ അഹ്മദ് ഇതിനകം കുറച്ചത് 100 കിലോഗ്രാം. മുംബൈയിലെ സൈഫീ ആശുപത്രിയിലാണ് തൂക്കം കുറക്കുന്നതിനുള്ള ചികിത്സക്കായി ഇമാനിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

നാരുകളും പ്രോട്ടീനും അടങ്ങിയ പാനീയം മാത്രം നല്‍കുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ ഇമാനിന് ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടുള്ളത്. വൈകാതെ ഇവരെ വണ്ണം കുറക്കുന്നതിനുള്ള ബരിയാന്‍ട്രിക് സര്‍ജറിക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ ഇമാനിന്റെ ശരീരഭാരം 200 കിലോഗ്രാം കുറക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.
തുടര്‍ ചികിത്സകള്‍ നിശ്ചയിക്കുന്നതിന് ആവശ്യമായ ജനിതക റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് ആശുപത്രി അധികൃതര്‍. രണ്ടാം ഘട്ടത്തില്‍ ശരീര ഭാരം കുറക്കുക സര്‍ജറിയിലൂടെയാണെന്നും അവരെ ചികിത്സിക്കുന്ന മുഫ്‌സല്‍ ലഖ്ദാവാലയുടെ സംഘത്തില്‍പ്പെട്ട ഡോക്ടര്‍ പറഞ്ഞു. 11ാം വയസ്സ് മുതലാണ് ഇമാനിന് ശരീര ഭാരം കൂടുന്ന അസുഖം കണ്ടുതുടങ്ങിയത്. ജനിതക പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 500 കിലോ ഭാരവുമായി 25 വര്‍ഷം ഈജിപ്തിലെ അലക്‌സാന്‍ട്രയിലെ വീട്ടില്‍ കഴിഞ്ഞ ഇമാനിന്റെ ജീവിതം അന്തര്‍ദേശീയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഈജിപ്തില്‍ നിന്ന് ഇമാനിനെ ഇന്ത്യയിലെത്തിക്കുന്നതിന് 83 ലക്ഷം രൂപയാണ് ചെലവായത്.

Latest